ചൈനയുടെ രഹസ്യനീക്കമോ? തായ്‌വാന്റെ മിസൈല്‍ പദ്ധതി മേധാവി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

തായ്‌പേയ്: യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചതില്‍ അയല്‍രാജ്യമായ ചൈനയുടെ കടുത്ത പ്രതിഷേധം തുടരുന്നതിനിടെ തായ്‌വാന്‍ പ്രതിരോധമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ മിസൈല്‍ ഗവേഷണ വികസന വിഭാഗം ഉപമേധാവി ഔ യാങ് ലി ഹ്‌സിങ്ങിനെയാണ് ഹോട്ടല്‍ മുറിയില്‍ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം മരണകാരണം എന്തെന്ന് വ്യക്തമല്ല.

ഔദ്യോഗിക ആവശ്യത്തിനായി എത്തിയ നഗരത്തിലെത്തിയ അദ്ദേഹം തായ്‌വാന്റെ മിസൈല്‍ പദ്ധതികളുടെ മേല്‍നോട്ടവും ഏകോപനവും നിര്‍വ്വഹിക്കുന്ന ചുമതല ഈ വര്‍ഷം ആദ്യമാണ് ഏറ്റെടുത്തത്. തായ്‌വാന്റെ മിസൈല്‍ നിര്‍മ്മാണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കി ഉയര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് നേതൃസ്ഥാനത്തുള്ള ഉദ്യേഗസ്ഥന്റെ ദുരൂഹമരണം. ചൈനയില്‍ നിന്നുള്ള വെല്ലുവിളി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കാനാണ് തായ്‌വാന്‍ മിസൈല്‍ സംവിധാന വിഭാഗം പരിഷ്‌കരിക്കുന്നത്.

നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ തായ്‌വാന് ചുറ്റും ചൈന നടത്തുന്ന സൈനികാഭ്യാസം ശക്തമായി തുടരുന്നതിനിടെയാണ് രാജ്യത്തിന്റെ മിസൈല്‍ പദ്ധതിയ്ക്ക് ചുക്കാന്‍ പിടിയ്ക്കുന്ന ഉദ്യോഗസ്ഥന്റെ ദുരൂഹമരണം. ഇതിനിടെ തായ്‌വാന്‍ സന്ദര്‍ശിച്ച നാന്‍സി പെലോസിയ്ക്കും കുടുംബാംഗങ്ങള്‍ക്കും ചൈന ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഏതെല്ലാം ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമല്ല.