ജോലിക്കാർക്ക് ടൈ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്

മഡ്രിഡ്: സർക്കാർ/സ്വകാര്യ ഓഫിസുകളിൽ ജോലിക്കു വരുന്നവർ ടൈ ധരിക്കുന്നത് ഒഴിവാക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നിർദേശിച്ചു. ചൂടു കാലത്ത് പോലും ടൈ ധരിക്കുന്നത് ശീലമാക്കിയ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുടെ നിർദേശത്തിൽ അദ്ഭുതം കൂറിയിരിക്കയാണ്. ”ഞാൻ ടൈ ധരിച്ചിട്ടില്ല. അതുപോലെ നിങ്ങളും ടൈ ധരിക്കാതിരിക്കുന്നതാണ് നല്ലത്”-മഡ്രിഡിൽ നടന്ന കോൺഫ്രൻസിനിടെ സാഞ്ചസ് പറഞ്ഞു.

ടൈ ധരിക്കാത്തത് കൂടുതൽ സൗകര്യപ്രദമായി തോന്നുന്നുവെന്നും ഓഫിസുകളിൽ എയർകണ്ടീഷണർ വളരെ കുറച്ച് ഉപയോഗിച്ചാൽ മതിയെന്നും അങ്ങനെ ഊർജം ലാഭിക്കാമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അങ്ങനെ നമുക്ക് വലിയ അളവിൽ ഊർജം ലാഭിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും ടൈ ധരിക്കാതെ ഓഫിസിലെത്തണമെന്നും കർശന നിർദേശമുണ്ട്. മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ ചുവടു പിടിച്ച് തിങ്കളാഴ്ച മുതൽ ഊർജസംരക്ഷണത്തിനുള്ള നടപടികൾക്ക് തുടക്കം കുറിക്കുകയാണ് സർക്കാർ എന്നും പ്രധാനമന്ത്രി പറഞ്ഞു. പുനരുപയോഗ ഊർജ സ്രോതസുകൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായി സ്‍പെയിനിൽ ഓഫിസുകൾ എയർകണ്ടീഷൻ ചെയ്യുന്നത് കുറക്കാനുള്ള ശ്രമം നടക്കുകയാണ്. അതുപോലെ തണുപ്പു കാലത്ത് റേഡിയേറ്ററുകളുടെ ഉപയോഗവും കുറക്കും.