വാട്സാപ്പും സ്നാപ്ചാറ്റും ഉൾപ്പെടെ വിദേശ ഐടി പ്ലാറ്റ്ഫോമുകൾക്ക് വൻപിഴ ചുമത്തി റഷ്യ

മോസ്കോ: വാട്സാപ്പും സ്നാപ്ചാറ്റും ഉൾപ്പെടെ വിദേശ ഐടി പ്ലാറ്റ്ഫോമുകൾക്ക് റഷ്യ പിഴ ചുമത്തി. റഷ്യൻ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ റഷ്യയിൽ തന്നെയുള്ള സെർവറുകളിൽ സൂക്ഷിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണിത്. വാട്സാപ് 1.8 കോടി റൂബിളും (ഏകദേശം 2.4 കോടി രൂപ), സ്നാപ്ചാറ്റ് 10 ലക്ഷം റൂബിളും (13.3 ലക്ഷം രൂപ) ഒടുക്കാൻ മോസ്കോയിലെ കോടതി നിർദേശിച്ചു.

ഡേറ്റിങ് ആപ്പായ ടിൻഡറിന് 20 ലക്ഷം റൂബിൾ (26.6 ലക്ഷം രൂപ) പിഴയിട്ടു. വാട്സാപ്പിന് ഇതേ കാരണത്തിന് കഴിഞ്ഞ വർഷവും പിഴ ചുമത്തിയിരുന്നു. യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷം വാട്സാപ്പിന്റെ മാതൃകമ്പനി മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും റഷ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.