അഞ്ചാം നിലയിൽ നിന്നും വീണ രണ്ട് വയസുകാരിക്ക് രക്ഷകനായി യുവാവ്

ബീജിങ്: അഞ്ചാം നിലയിൽ നിന്നും വീണ രണ്ട് വയസുകാരിക്ക് രക്ഷകനായി യുവാവ്. ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിലാണ് സംഭവം. ഷെൻ ഡോങ് എന്ന പേരുള്ള യുവാവാണ് കാർ പാർക്ക് ചെയ്യുന്നതിനിടെ പെൺകുട്ടിക്ക് രക്ഷകനായത്.

തെരുവിൽ കാർ പാർക്ക് ചെയ്യുന്നതിനിടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പെൺകുട്ടി വീഴാനൊരുങ്ങുന്നതാണ് ഷെൻ ഡോങ് കണ്ടത്. ഉടൻ തന്നെ പ്രതികരിച്ച ഷിൻ​ ഡോങ് പരിക്കുകളൊന്നും കൂടാതെ കുഞ്ഞിനെ പിടിക്കുകയായിരുന്നു.

ലിജാൻ സാഹോ എന്നയാൾ പകർത്തിയ ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യഥാർഥ നായകൻ എന്നാണ് ഷെൻ ഡോങിനെ സമൂഹമാധ്യമങ്ങൾ വിളിക്കുന്നത്.