ആയുധങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യരുത്, പണം നല്‍കരുത്; റഷ്യയുമായുള്ള എല്ലാ വ്യാപാരവും നിര്‍ത്തിവയ്ക്കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളോട് യുക്രൈന്‍

കീവ്: യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്ന സാഹചര്യത്തില്‍ റഷ്യയുമായുള്ള എല്ലാ വ്യാപാരവും നിര്‍ത്തിവയ്ക്കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളോട് യുക്രൈന്‍. റഷ്യയുടെ മേല്‍ സമ്മര്‍ദം ചെലുത്തി യുക്രൈന്‍ വിടാന്‍ പ്രേരിപ്പിക്കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളോട് യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു.

‘റഷ്യയ്ക്ക് ആയുധങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുകയോ യൂറോ നല്‍കയോ ചെയ്യരുത്. നിങ്ങളുടെ എല്ലാ തുറമുഖങ്ങളും അവര്‍ക്ക് മുന്നില്‍ അടയ്ക്കുക. നിങ്ങളുടെ സാധനങ്ങള്‍ അവര്‍ക്ക് കയറ്റുമതി ചെയ്യരുത്. ഊര്‍ജവിഭവങ്ങള്‍ നിരസിക്കണം. ഇങ്ങനെ യുക്രൈന്‍ വിടാന്‍ റഷ്യയുടെമേല്‍ സമ്മര്‍ദം ചെലുത്തണം’ എന്ന് വീഡിയോ സന്ദേശത്തില്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു.

അതേസമയം തങ്ങളുടെ സൈന്യം ഉപരോധിച്ച നഗരമായ മരിയുപോളിന്റെ ‘സമ്പൂര്‍ണ കീഴടങ്ങല്‍’ എന്ന റഷ്യയുടെ ആവശ്യം യുക്രൈന്‍ നിരസിച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 9 മുതല്‍ 11 വരെ മാരിയുപോളില്‍ നിന്ന് എല്ലാ യുക്രൈന്‍ സൈനികരും പിന്മാറണമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.