ഒമിക്രോണ്‍ അവസാന വകഭേദമല്ല; മഹാമാരി അവസാനിച്ചെന്ന പ്രചാരണം തെറ്റ്: ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ മഹാമാരി അവസാനിച്ചെന്ന പ്രചാരണം തെറ്റെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ അവസാന വകഭേദമെന്നും ഭയപ്പെടാനില്ലെന്നും തെറ്റായി പ്രചാരണം നടക്കുന്നതായി ഡബ്ല്യൂ എച്ച് ഓ വ്യക്തമാക്കി. കൊറോണ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ പരിശോധനകളുടെ എണ്ണം കുറച്ചതില്‍ ലോകാരോഗ്യസംഘടന ആശങ്ക രേഖപ്പെടുത്തി.

കൊറോണ പരിശോധനകള്‍ ഗണ്യമായി കുറഞ്ഞിട്ടും കഴിഞ്ഞാഴ്ച രോഗികളിടെ എണ്ണത്തില്‍ എട്ടുശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. പരിശോധനകളില്‍ 99.9 ശതമാനവും ഒമിക്രോണ്‍ ആണ്. ഇതില്‍ 75 ശതമാനവും ഒമിക്രോണിന്റെ ബിഎ.2 വകഭേദമാണ്.

ഒമിക്രോണ്‍ ഭയപ്പെടാനില്ലെന്നും ഇത് അവസാന വകഭേദമാണെന്നും മഹാമാരി അവസാനിച്ചതുമായുള്ള പ്രചാരണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി കൊറോണ സാങ്കേതിക വിഭാഗം തലവന്‍ മരിയ വാന്‍ പറഞ്ഞു.

ചെറിയ തോതിലുള്ള പനി, തലവേദന, പേശികളുടെ തളര്‍ച്ച എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. പൊതുസ്ഥലങ്ങളില്‍ കൊറോണ നിയന്ത്രണങ്ങള്‍ നീക്കിയത് രോഗികളുടെ എണ്ണം ഉയരാന്‍ കാരണമായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.