ചൈനയിൽ എട്ടു മക്കളുടെ അമ്മയെ കഴുത്തിൽ ചങ്ങലയ്ക്കിട്ട സംഭവത്തിൽ പ്രതിഷേധം

ബെയ്ജിങ്: ചൈനയിൽ എട്ടു മക്കളുടെ അമ്മയെ കഴുത്തിൽ ചങ്ങലയ്ക്കിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ഉയരുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഈ സംഭവത്തിൽ പൊതുവികാരം ശക്തമായതോടെ അധികൃതർ സംഭവത്തിൽ നടപടി സ്വീകരിച്ചു. കിഴക്കൻ ജിയാങ്സു പ്രവിശ്യയിലെ പന്ത്രണ്ടോളം പേർക്കെതിരെ നടപടിയുണ്ടായി. ഫെങ് കൗണ്ടിയിലെ കമ്യൂണിസ്റ്റ് പാർട്ടി തലവനടക്കം സ്ഥാനം നഷ്ടമായി.പ്രാദേശിക ഭരണകൂടം അന്വേഷണം നടത്തിയാണു നടപടി സ്വീകരിച്ചതെന്ന് സിൻഹുവ വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു.

സ്ത്രീകളെയും കുട്ടികളെയും കടത്തുന്നവരെ അടിച്ചമർത്തുമെന്നു ഭരണകൂടം അറിയിച്ചു. സ്ത്രീയെ കഴുത്തിൽ ചങ്ങലയിട്ട നിലയിലാണു കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പെക്കിങ് സർവകലാശാലയിലെ പൂർവവിദ്യാർഥികൾ ഷി ചിൻ പിങ് സർക്കാരിന് കത്തയച്ചു. നൂറോളം പേർ ഒപ്പുവച്ചാണു കത്തയച്ചത്. ചൈനയിൽ ഇത്തരം ഇടപെടലുകൾ അത്യപൂര്‍വമാണ്. ചൈനയിലെ സമൂഹമാധ്യമമായ വെയ്ബോയിൽ സജീവ ചർച്ചയായി നിൽക്കുന്ന പത്ത് വിഷയങ്ങളിൽ ഒന്ന് ഇതാണെന്നും റിപ്പോർട്ടുണ്ട്.

സ്ത്രീയെ തടഞ്ഞുവച്ചതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഇതിനെതിരെയാണു ജനങ്ങൾ തിരിഞ്ഞത്. സംഭവത്തിന് പിന്നാലെ സമൂഹമാധ്യമത്തിൽ സ്ത്രീകളെ മനുഷ്യക്കടത്തിന് ഇരയാക്കുന്ന നിരവധി സംഭവങ്ങൾ ഉയർന്നുവന്നു. ഗ്രാമീണ മേഖലകളിൽ സ്ത്രീകള്‍ക്കെതിരായ നിയന്ത്രണങ്ങളും ചർച്ചയായി. ജിയാങ്സുവിലെ മൂന്നാമത്തെ വലിയ നഗരമായ ഷുസോവിലെ ഉദ്യോഗസ്ഥർ‌ക്കെതിരെയാണു ജനവികാരം കൂടുതൽ ശക്തമായത്. യുനാൻ എന്ന കുഗ്രാമത്തിൽനിന്നുള്ള ഷിയാവോഹുമെ എന്ന സ്ത്രീയെയാണു ചങ്ങലയ്ക്കിട്ടത്. 1990ന് ശേഷം ഇവരെ രണ്ടു തവണ കച്ചവടം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

ഡോങ് എന്ന കുടുംബത്തിനാണു രണ്ടാമതായി ഇവരെ വിറ്റത്. 2000 ൽ ഈ കുടുംബത്തിലെ ഒരു യുവാവ് ഇവരെ വിവാഹം ചെയ്തു. 1999 നും 2020നും ഇടയ്ക്ക് ഇവർ എട്ടു കുഞ്ഞുങ്ങൾക്കു ജന്മം നൽകി. സ്ത്രീയെ കയ്യേറ്റം ചെയ്തതിൽ അവരുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു.