ലിസ്ബൺ: പോർച്ചുഗൽ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ 4,000 ആഡംബരവാഹനങ്ങളുമായി കത്തിയമരുന്ന ചരക്കുകപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കു വേഗം കുറഞ്ഞു. ജർമനിയിലെ ഫോക്സ്വാഗൻ ഫാക്ടറിയിൽനിന്ന് യുഎസിലേക്കു തിരിച്ച കപ്പലിൽ ബുധനാഴ്ചയാണു തീപടർന്നത്. പോർഷെ , ബെന്റ്ലി, ഔഡി, ലംബോർഗിനി തുടങ്ങിയ അത്യാഡംബര കാറുകളാണു കപ്പലിലുള്ളത്. ചില കാറുകളിൽ ലിഥിയം അയേൺ ബാറ്ററികളുള്ളതു തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കു തടസ്സമാകുന്നു.
സാധാരണ രീതിയിലുള്ള അഗ്നിശമന സംവിധാനങ്ങൾ ഇക്കാര്യത്തിൽ പ്രായോഗികമല്ലെന്നു വിദഗ്ധർ പറഞ്ഞു. കപ്പലിന്റെ ഇന്ധനടാങ്കിനടുത്തുവരെ തീ എത്തി എന്നാണു സൂചന. ഇനിയും നിയന്ത്രിക്കാനായില്ലെങ്കിൽ കപ്പൽ പൂർണമായി കത്തിയമരും. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെയും തീ പടർന്ന ഉടനെ രക്ഷിച്ചിരുന്നു.