രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ 12% കുറവ്

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ 12% കുറവ്. 24 മണിക്കൂറിനിടെ 2.51 ലക്ഷം പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.59% ആയിരുന്നത് 15.88% ആയി കുറഞ്ഞു. 164.35 കോടി വാക്സീൻ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്. പ്രായപൂർത്തിയായ 74% പേരും രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചു. 24 മണിക്കൂറിനിടെ 627 പേരാണ് കൊറോണ മൂലം മരിച്ചത്. കൂടുതൽപേരിലും വ്യാപിക്കുന്നത് ഒമിക്രോൺ വകഭേദമാണ്. പത്ത് സംസ്ഥാനങ്ങളിലാണ് 77% കൊറോണ ബാധിതരുമുള്ളത്. വ്യാഴാഴ്ച മഹാരാഷ്ട്രയിൽ 25,425 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

42 പേർ മരിച്ചു. മുംബൈയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.2 ശതമാനമായി കുറഞ്ഞു. മുംബൈയിൽ 1,384 പേർക്കാണ് കഴിഞ്ഞ ദിവസം കൊറോണ ബാധിച്ചത്. ഡെൽഹിയിൽ കൊറോണ കേസുകൾ 42 ശതമാനം കുറഞ്ഞു. 4,291 പേർക്കാണ് വ്യാഴാഴ്ച ഡൽഹിയിൽ കൊറോണ ബാധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 9.56 ശതമാനമായി കുറഞ്ഞു. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കൊറോണ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിക്കൊണ്ടിരിക്കുകയാണ്.