അബുദാബിയിൽ രണ്ടിടങ്ങളിലായി സ്ഫോടനം: മൂന്ന് പേർ മരിച്ചു; ആറു പേർക്ക് പരിക്ക്

അബുദാബി: അബുദാബിയിൽ രണ്ടിടങ്ങളിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താൻ സ്വദേശിയുമാണ് മരിച്ചതെന്നാണ് അധികൃതർ നൽകുന്ന വിവരം. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

യുഎഇയുടെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിനു സമീപമാണ് ആദ്യ പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിൽ മൂന്ന് ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിച്ചു. അബുദാബി വിമാനത്താവളത്തിന് സമീപത്ത് നിർമാണം നടക്കുന്ന മേഖലയിലും പൊട്ടിത്തെറിയുണ്ടായി.

രണ്ടിടങ്ങളിലും പൊട്ടിത്തെറിക്ക് മുൻപ് ഡ്രോൺ പോലെയുള്ള വസ്തു വന്നുപതിച്ചു എന്ന് അബുദാബി പോലീസ് സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ് എന്നും പോലീസ് അറിയിച്ചു.

അതേസമയം, യുഎഇയിലെ പൊട്ടിത്തെറി തങ്ങളുടെ സൈനിക നടപടിയായിരുന്നു എന്ന് യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. ഹൂതികൾ നേരത്തെ പതലവണകളായി സൗദി അറേബ്യയിലെ നജ്റാനിലെക്കും അബഹാ വിമാനത്താവളത്തിലേക്കും ഡ്രോൺ ആക്രമണം നടത്തിയിട്ടുണ്ട്. ചെങ്കടലിൽ ജി സി സി രാജ്യങ്ങളുടെ കപ്പലുകൾ പല തവണ ഹൂത്തികൾ അക്രമിച്ചിട്ടുണ്ട്.