കൊറോണ വ്യാപനം; കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ ആരംഭിക്കും ; രാജ്യാന്തര ചലച്ചിത്രമേള മാറ്റി

തിരുവനന്തപുരം: കൊറോണ വ്യാപന പശ്ചാത്തലത്തില്‍ വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നീക്കം. കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ ആരംഭിക്കും. സ്കൂളുകളിലെ വാക്സിനേഷന് ഒരുക്കങ്ങള്‍ തുടങ്ങിയതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. കൊറോണ പിടിവിട്ടു കുതിക്കുമ്പോള്‍ പഴയ കരുതല്‍ ശീലങ്ങളിലേയ്ക്കു മടങ്ങാനാണു സര്‍ക്കാര്‍ തീരുമാനം.

നിര്‍ജീവമായ വാര്‍ഡുതല സമിതികള്‍ പുനഃസംഘടിപ്പിക്കും. രോഗവ്യാപനം കൂടുന്ന പ്രദേശങ്ങളുടെ വിവരം ആരോഗ്യവകുപ്പ് നല്‍കുന്നതിനനുസരിച്ച് ആവശ്യമുള്ളയിടങ്ങളില്‍ തദ്ദേശ വകുപ്പ് സിഎഫ്എല്‍ടിസികള്‍ ഒരുക്കും. ആവശ്യമനുസരിച്ച് ഹോസ്റ്റലുകള്‍ ഏറ്റെടുക്കും. കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ചു ബോധവത്കരണം നടത്തും. ആരോഗ്യ–തദ്ദേശ വകുപ്പു മന്ത്രിമാരുടെ യോഗത്തിലാണു സുപ്രധാന തീരുമാനങ്ങളെടുത്തത്.

ഫെബ്രുവരി നാലുമുതല്‍ നടത്താനിരുന്ന രാജ്യാന്തര ചലച്ചിത്രമേള മാറ്റി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനമെന്നു സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തും.

ബുധനാഴ്ച ആരംഭിക്കുന്ന വാക്സിനേഷനു സ്കൂളുകളിൽ അവസാനവട്ട ക്രമീകരണങ്ങളിലാണു ബന്ധപ്പെട്ട വകുപ്പുകള്‍. 967 സ്കൂളുകളിലാണ് ആദ്യഘട്ടത്തില്‍ കുത്തിവയ്പ്. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകള്‍ 21 മുതല്‍ ഓണ്‍ലൈനിലേക്കു മാറുകയാണ്, എങ്കിലും അധ്യാപകരെല്ലാം സ്കൂളിലെത്തണമെന്നു വിദ്യഭ്യാസമന്ത്രി അറിയിച്ചു.