ഹൂസ്‌റ്റണ്‍: ഭീകരക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പാക് തടവുകാരിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസിലെ ടെക്‌സസിലുള്ള ജൂതപ്പള്ളിയില്‍ നാലുപേരെ തോക്കുചൂണ്ടി ബന്ദികളാക്കിയ അക്രമിയെ വധിച്ചു. പത്തു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് അക്രമിയെ വധിച്ച് ബന്ദികളെ മോചിപ്പിച്ചത്.
ഭീകരക്കുറ്റത്തിന് യു.എസില്‍ 86 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന പാക് തടവുകാരി “ലേഡി ക്വയ്‌ദ” എന്നറിയപ്പെടുന്ന ആഫിയ സിദ്ദിഖിയുടെ മോചനം ആവശ്യപ്പെട്ടായിരുന്നു ബന്ദിയാക്കല്‍. യുഎസ് സമയം ശനിയാഴ്‌ച രാവിലെ പത്തു മണിക്കു ശേഷം പ്രാര്‍ഥന നടക്കുന്നതിനിടെയാണ് അക്രമിയെത്തിയത്. പോലീസ് വന്നാല്‍ ബന്ദികളെ കൊല്ലുമെന്ന് അക്രമി ഭീഷണി മുഴക്കിയിരുന്നെങ്കിലും എഫ്.ബി.ഐയും പോലീസുമെത്തി ജൂതപ്പള്ളി വളഞ്ഞ് ബന്ദികളെ മോചിപ്പിക്കുകയായിരുന്നു.
പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. യു.എസില്‍ പഠിച്ച പാകിസ്‌താന്‍ ശാസ്‌ത്രജ്‌ഞയായ ആഫിയ സിദ്ദിഖി(49), അഫ്‌ഗാനിസ്‌ഥാനിലെ അമേരിക്കന്‍ സൈനികരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 2010 ലാണ് ജയിലിലായത്. ബോസ്‌റ്റണിലെ എം.ഐ.ടിയില്‍ പഠിക്കാനായി 18-ാം വയസിലാണ് ആഫിയ യു.എസിലെത്തിയത്.
സഹോദരനും അന്ന് യു.എസിലാണു താമസിച്ചിരുന്നത്. പിന്നീട് ബ്രാന്‍ഡിസ് സര്‍വകലാശാലയില്‍നിന്ന് ന്യൂറോസയന്‍സില്‍ പിച്ച്.ഡി. നേടി. 9/11 ഭീകരാക്രമണത്തിനു ശേഷം, ഭീകരസംഘടനകള്‍ക്കു ധനസഹായം ചെയ്‌തെന്ന സംശയത്തില്‍ ആഫിയ എഫ്.ബി.ഐയുടെ നിരീക്ഷണത്തിലായി.
അമേരിക്കയില്‍വച്ചുതന്നെ അവര്‍ അല്‍ ക്വയ്‌ദയില്‍ ചേര്‍ന്നതായാണു യു.എസ്. ഏജന്‍സികള്‍ സംശയിക്കുന്നത്. പാകിസ്‌താനില്‍ മടങ്ങിയെത്തിയ ആഫിയ, 9/11 ഭീകരാക്രമണത്തിന്റെ ആസൂത്രകരില്‍ ഒരാളായ ഖാലിദ് ഷെയ്‌ക്ക് മുഹമ്മദിന്റെ കുടുംബത്തില്‍നിന്നു വിവാഹം കഴിച്ചു. 2003 ല്‍ മൂന്നു കുട്ടികള്‍ക്കൊപ്പം കറാച്ചിയില്‍നിന്ന് അവരെ കാണാതായി. പിന്നീട് അഫ്‌ഗാനിസ്‌ഥാനിലെ ഗസ്‌നി പ്രവിശ്യയില്‍നിന്ന് അറസ്‌റ്റിലായി. യു.എസ്. സൈന്യം ചോദ്യംചെയ്യുന്നതിനിടെ തോക്ക് വലിച്ചെടുത്ത് അമേരിക്കക്കാരെ കൊല്ലുമെന്ന് പറഞ്ഞു നിറയൊഴിച്ചെന്നാണു കേസ്.
സൈനികര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും ആഫിയയ്‌ക്കു പരുക്കേറ്റു. ആഫിയയുടെ മോചനം ആവശ്യപ്പെട്ട് അല്‍ ക്വയ്‌ദ നേരത്തെ രംഗത്തെത്തിയിരുന്നു. പാകിസ്‌താനില്‍ രണ്ടുതവണ ബന്ദിനാടകങ്ങള്‍ അരങ്ങേറി.
2014 ല്‍ ഐ.എസ്. ഭീകരര്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ജെയിംസ് ഫോളിയുടെ തലവെട്ടിയതും ഇതുമായി ബന്ധപ്പെട്ടാണ്. അതേ സമയം, ആഫിയയുടെ തടവുശിക്ഷയ്‌ക്കെതിരേ പാകിസ്‌താനില്‍ വലിയ പ്രതിഷേധമുണ്ട്. അവര്‍ നിരപരാധിയാണെന്നാണ് പാകിസ്‌താനില്‍ ഭൂരിപക്ഷംപേരും വിശ്വസിക്കുന്നത്.