ഒമിക്രോൺ വകഭേദം വേഗത്തിൽ കണ്ടെത്താം; ആർടിപിസിആർ കിറ്റ് വികസിപ്പിച്ച് ഐസിഎംആർ

ന്യൂഡെൽഹി: കൊറോണയുടെ ഒമിക്രോൺ വകഭേദം വേഗത്തിൽ കണ്ടെത്താനുള്ള പരിശോധനയ്ക്ക് ആർടിപിസിആർ കിറ്റ് വികസിപ്പിച്ച് ഇന്ത്യ. ഐസിഎംആർ ആണ് ഒമിക്രോൺ പരിശോധനയ്ക്കായി കിറ്റ് വികസിപ്പിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അധികം താമസിയാതെ തന്നെ ഈ കിറ്റ് പൊതുജനങ്ങളിലേക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. ബൽറാം ഭാർഗ്ഗവ അറിയിച്ചു. ജനിതക ശ്രേണീകരണത്തിനും മറ്റുമായി ഒന്നും രണ്ടും എടുത്ത ശേഷമാണ് ഫലം ലഭിക്കുന്നത്. പുതിയ കിറ്റ് വരുന്നതോടു കൂടി ഫലം നാല് മണിക്കൂറിനകം ലഭിക്കും. പുതിയ കണ്ടെത്തലോടു കൂടി ഒമിക്രോൺ പരിശോധനയിലും ചികിത്സാരംഗത്തും മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

വളരെ ഉയർന്ന വ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ വകഭേദമാണ് ഒമിക്രോണെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. അതുകൊണ്ടുതന്നെ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. ഇത് രോഗവ്യാപന തോത് കുറയ്‌ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൊറോണ രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവ്യ പറഞ്ഞു. കേരളം, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട്, കർണാടക, ഝാർഖണ്ഡ് , ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ രോഗവ്യാപനം വലിയ ആശങ്കയാണ് ഉളവാക്കുന്നത്. ആകെ വാരാന്ത്യ വ്യാപന നിരക്കിന്റെ 10 ശതമാനവും രാജ്യത്തെ 28 ജില്ലകളിൽ നിന്നാണ്.

രാജ്യത്തെ 15 നും 18 നും ഇടയിൽ പ്രായമുള്ള 7.40 കോടി പേർ കൊറോണ പ്രതിരോധ വാക്സിന് അർഹരാണ്. ആഗോള തലത്തിൽ 108 ഒമിക്രോൺ മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും മാൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. അതേസമയം കരുതൽ ഡോസിന്റെ കാര്യത്തിലും ആരോഗ്യ മന്ത്രാലയം തീരുമാനമെടുത്തിട്ടുണ്ട്. ആദ്യ രണ്ട് തവണ എടുത്ത വാക്‌സിൻ തന്നെ കരുതൽ ഡോസ് ആയി നൽകാനാണ് തീരുമാനമായിരിക്കുന്നത്.