ഒമിക്രോണിനു പിന്നാലെ ആശങ്ക പടർത്തി ഫ്ളൊറോണ

ടെൽ അവിവ്∙ ഒമിക്രോണിനു പിന്നാലെ ആശങ്ക പടർത്തി ഫ്ളൊറോണ. ഇസ്രയേലിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. കൊറോണയും ഇൻഫ്ളുവൻസയും ഒരുമിച്ചു വരുന്ന രോഗാവസ്ഥയാണ് ഫ്ളൊറോണ. 30 വയസുള്ള ഗർഭിണിക്കാണു വൈറസ് ബാധ കണ്ടെത്തിയത്. പ്രസവത്തിനായി ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ഫ്ളൊറോണ കണ്ടെത്തിയത്.

യുവതി കൊറോണ വാക്സീൻ സ്വീകരിച്ചിട്ടില്ലെന്ന് ഇസ്രയേലി പത്രം റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ യുവതിക്കു രോഗം മാറിയെന്നും ഇവർ ആശുപത്രി വിട്ടതായും മാധ്യമങ്ങൾ പറയുന്നു. അതേസമയം, ഇസ്രയേലിൽ കൊറോണ കേസുകൾ കൂടിവരികയാണ്. വ്യാഴാഴ്ച 5,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഇതിനിടെ രാജ്യം കൊറോണ വാക്സീന്റെ നാലാമത്തെ ഡോസിന് അനുമതി നൽകിയിട്ടുണ്ട്. ലോകത്താദ്യമായാണ് ഒരു രാജ്യം നാലാം ഡോസിന് അനുമതി നൽകുന്നത്. ഇസ്രയേൽ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ നാഷ്മാൻ ആഷ് ആണു കൊറോണ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി നാലാമത്തെ ഡോസിനും അനുമതി നൽകിയതായി പ്രഖ്യാപിച്ചത്.