ഫ്ലോറിഡ: വിമാനയാത്രയ്ക്കിടെ ഭക്ഷണം കഴിക്കാൻ മാസ്ക് അഴിച്ചുമാറ്റിയ വയോധികനെ ആക്രമിച്ച് സഹയാത്രിക. ഫ്ലോറിഡയിലെ താംബയിൽ നിന്ന് ജോർജിയയിലെ അറ്റ്ലാന്റയിലേക്ക് പോകുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിലാണ് സംഭവം. വയോധികന്റെ മുഖത്ത് തുപ്പുകയും അദ്ദേഹത്തെ അ ടിക്കുകയുമായിരുന്നു. സംഭവത്തിൽ പട്രീഷ്യ യാനെറ്റ് കോൺവാൾ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഭക്ഷണം കഴിക്കുന്നതിനായി മാസ്ക് ഊരി മാറ്റിയ വൃദ്ധനുനേരെ യുവതി ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം. മാസ്ക് ധ രിച്ചില്ലെങ്കില്‍ നീ ജയിലില്‍ പോകുമെന്നും ഈ യുവതി പറയുന്നുണ്ട്. ഈ സമയം യുവതി മാസ്ക് ധരിച്ചിട്ടില്ലെന്നതാണ് വൈരുദ്ധ്യം.
യുവതി മുഖത്ത് നിന്ന് താഴ്ത്തി താടിയിലായാണ് മാസ്ക് ഇട്ടിരുന്നത്. വിമാനത്തിലെ ജീവനക്കാർ യുവതിയെ പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോൾ അവർ വയോധികന്റെ മുഖത്ത് അടിക്കുകയും തുപ്പുകയും ചെയ്യുന്നുണ്ട്. വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ പോലീസ് എത്തി കോൺവാളിനെ അറസ്റ്റ് ചെയ്തു.
യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിച്ച ഡെല്‍റ്റ എയര്‍ലൈന്‍സ്, ഇത്തരം പെരുമാറ്റങ്ങള്‍ തങ്ങളുടെ വിമാനത്തിനുള്ളില്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഫെഡറൽ കോടതിയിൽ ഹാജരാക്കിയ യുവതിയെ 20,000 ഡോളർ ബോണ്ടിൽ വിട്ടയച്ചു.