ന്യൂഡെൽഹി: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജനുവരി 31 വരെ കൊറോണ നിയന്ത്രണം കർശനമായി പിന്തുടരാനും നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അധികാരവും നൽകി. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കൊറോണ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു.
ഒമിക്രോൺ രോഗികളുടെ എണ്ണത്തിൽ അനുദിനം വർധനവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ ജാഗ്രതയിലാണ് രാജ്യം. ഇതുവരെ 578 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. കൂടുതൽ രോഗികൾ ഡെൽഹിയിലാണ്. ഡെൽഹിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 142 പേർക്ക് ആണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം 19 ആയിട്ടുണ്ട്.
ഒമിക്രോണ്‍ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് ജാഗ്രത വർധിപ്പിക്കുകയാണ്. ഒമിക്രോൺ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ഡെൽഹിയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 11 മുതൽ പുലർച്ചെ 5 മണി വരെയാണ് കടുത്ത നിയന്ത്രണം. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയ്ക്ക് പിന്നാലെയാണ് ഡെൽഹിയും രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.