ലോകമെമ്പാടും ക്രിസ്മസ് ആഘോഷത്തിൽ

കൊച്ചി: തിരുപ്പിറവിയുടെ ഓര്‍മ്മയില്‍ ലോകമെമ്പാടും സ്‌നേഹത്തിന്റേയും ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശവുമായി ക്രിസ്മസ് ആഘോഷത്തിൽ. കൊറോണ മഹാമാരിയുടെ ഭീഷണി ഇനിയും ഒഴിഞ്ഞുപോയിട്ടില്ലാത്തതിനാൽ നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങള്‍.

പ്രത്യാശയുടെ പ്രകാശം പരത്തിക്കൊണ്ട് ബത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ മിശിഹാ പിറന്നതിന്റെ ഓര്‍മ്മ പുതുക്കലിൽ ക്രിസ്മസ് ട്രീകളും, കേക്കുകളും, കരോള്‍ ഗാനങ്ങളും, സാന്റയും എന്നിങ്ങനെ വലിയ ആഘോഷങ്ങളോടെയാണ് ക്രിസ്തുമസ്. എല്ലാവരും വീടുകളില്‍ പുല്‍ക്കൂടൊരുക്കിയും നക്ഷത്രങ്ങളും വര്‍ണ്ണവിളക്കുകള്‍ തെളിയിച്ചുമാണ് ഈ ദിവസത്തെ വരവേല്‍ക്കുന്നത്.

ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്ലഹേമിലുള്ള നേറ്റിവിറ്റി ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. വത്തിക്കാനില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കി. മാര്‍പ്പാപ്പയുടെ പരമ്പരാഗത ക്രിസ്മസ് പ്രസംഗവും വിശുദ്ധ കുര്‍ബാനയും നടന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ വത്തിക്കാനില്‍ ഒരുക്കിയത്.

കേരളത്തിലെ ദേവാലയങ്ങളിലും രാത്രിയില്‍ ക്രിസ്മസ് ശുശ്രൂഷകളും പാതിരാ കുര്‍ബാനയും നടന്നു.
സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ക്രിസ്തുമസിന്റെ വിശുദ്ധ കുർബാന അർപ്പിച്ചു. ചങ്ങനാശ്ശേരിയിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുർബാന അർപ്പിച്ച് തിരുപ്പിറവിയുടെ സന്ദേശം നൽകി. വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുകൂടുകയും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു.