ബംഗ്ലാദേശിൽ യാത്രയ്ക്കിടെ ബോട്ടിന് തീപിടിത്തം; 39 പേർ മരിച്ചു; നൂറിലേറെ പേർക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശിൽ യാത്രയ്ക്കിടെ ബോട്ടിന് തീപിടിച്ച് 39 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. തെക്കൻ ബംഗ്ലാദേശിലെ സുഗന്ധ നദിയിലാണ് സംഭവം.

500 യാത്രക്കാരുമായി ധാക്കയിൽ നിന്ന് ബർഗുണയിലേക്ക് പോയ മൂന്ന് നിലയുള്ള എംവി അഭിജൻ – 10 എന്ന ബോട്ടിന് തീപ്പിടിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ബോട്ടിന്റെ എഞ്ചിൻ മുറിയിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്.

തീ പിടിച്ചതോടെ ആളുകൾ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. നിരവധി പേരെ കാണാനില്ലന്നും ചിലർ മുങ്ങി മരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ഹം ജലാൽ ഷെയ്ഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടിനാണ് തീപ്പിടിച്ചത്. തീപ്പിടിത്ത സമയത്ത് യാത്രക്കാരിൽ പലരും ഉറങ്ങുകയായിരുന്നു എന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരൻ എ.എഫ്.പിയോട് പറഞ്ഞു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.