ഒമിക്രോണിനെ ചെറുക്കാന്‍ തുണി മാസ്‌കുകള്‍ അപര്യാപ്തം; മുന്നറിയിപ്പുമായി വിദഗ്ധൻ

ലണ്ടൻ: ഒമിക്രോൺ ചെറുക്കാൻ തുണികൊണ്ടുള്ള ഫാഷൻ മാസ്കുകൾ അപര്യാപ്തമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ. ഫാഷൻ ഉൽപ്പന്നമെന്ന രീതിയിൽ, തുണികൊണ്ടു വിവിധ നിറത്തിൽ നിർമിക്കുന്ന മാസ്കുകൾക്കെതിരേയാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയത്. പുനരുപയോഗിക്കാവുന്ന ഇത്തരത്തിലുള്ള പല മാസ്കുകളും കൊറോണ വൈറസിനെ ചെറുക്കുന്നതിൽ പിന്നിലാണെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

മൂന്നു പാളികളായി നിർമിക്കുന്ന മാസ്കുകളിൽ ഉപയോഗിക്കുന്ന തുണിയുടെ ഗുണനിലവാരം അനുസരിച്ചായിരിക്കും രോഗപ്രതിരോധമെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫ. ത്രിഷ് ഗ്രീൻഹർഗ് വ്യക്തമാക്കുന്നു. പല മാസ്ക് ഉത്പാദകരും ഗുണനിലവാരം കുറഞ്ഞ തുണിയാണ് ഉപയോഗിക്കുന്നത്.

ഇപ്പോൾ വിപണിയിൽ ലഭ്യമായ പല മാസ്ക്കുകളും ഫാഷൻ ഉത്പന്നങ്ങൾ മാത്രമാണ്. 95 ശതമാനം കണികകളേയും തടഞ്ഞുനിർത്തുന്നുവെന്ന് ഉറപ്പുനൽകുന്ന മാസ്കുകളാണ് ഉപയോഗിക്കേണ്ടത്. എന്നാൽ വിപണിയിൽ ലഭിക്കുന്ന പല മാസ്ക്കുകൾക്കും ഈ ഗുണമില്ല, അദ്ദേഹം പറയുന്നു.

നിലവിൽ ഒമിക്രോൺ ഭീഷണിയിലാണ് ലോകം. ദക്ഷിണാഫ്രിക്കയിൽ ആദ്യം സ്ഥിരീകരിച്ച ഒമിക്രോൺ പല രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഇതോടെ പല വിദേശ രാജ്യങ്ങളും നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. ഇളവുകളെല്ലാം പിൻവലിക്കുകയും പൊതുസ്ഥലങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കുകയും ചെയ്തു.