അമേരിക്കയിൽ ആദ്യ ഒമിക്രോൺ മരണം; മരിച്ചത് കൊറോണ വാക്‌സിന്‍ എടുക്കാത്ത വ്യക്തി

വാഷിംഗ്ടൺ: കൊറോണയുടെ ഒമിക്രോൺ വകഭേദവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ടെക്സാസിലാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചയാൾ മരിച്ചത്. ഇന്നലെയാണ് മരണം സംഭവിച്ചതെന്ന് ഹാരിസ് കൗണ്ടി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇയാൾ കൊറോണ പ്രതിരോധ വാക്സിൻ എടുത്തിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

അമേരിക്കയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ ഒമിക്രോൺ മരണമാണിതെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഈ വിഷയത്തിൽ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

അൻപതിനും അറുപതിനുമിടയ്ക്ക് പ്രായമുള്ളയാളാണ് അസുഖം ബാധിച്ച് മരിച്ചത്. പ്രായമുള്ളവർ പ്രതിരോധ കുത്തിവയ്പ് എടുക്കാതിരിക്കുകയും കൊറോണ ബാധിക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്താൽ ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

ഡിസംബർ 18ന് വരെയുള്ള വിവരങ്ങൾ പ്രകാരം അമേരിക്കയിലെ കൊറോണ കേസുകളിൽ 73 ശതമാനവും ഒമിക്രോൺ വകഭേദം കാരണമാണെന്ന് സിഡിസി തിങ്കളാഴ്ച അറിയിച്ചു.

ബ്രിട്ടനിലാണ് ആഗോളതലത്തിൽ ആദ്യത്തെ ഒമിക്രോൺ മരണം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ നിലവിൽ 12 പേർ ഒമിക്രോൺ വകഭേദം ബാധിച്ച് മരിച്ചിട്ടുണ്ട്. 104 പേരാണ് നിലവിൽ ആശുപത്രിയിലുള്ളതെന്ന് ഉപ പ്രധാനമന്ത്രി ഡൊമിനിക് റാബ് മാധ്യമങ്ങളോട് പറഞ്ഞു.