മനില: ഫിലിപ്പീൻസിൽ റായ് ചുഴലിക്കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം നൂറ്റിനാൽപ്പതായി. മധ്യഫിലിപ്പീൻസിലെ ബൊഹോൽ പ്രവിശ്യയിൽമാത്രം 63 പേർ മരിച്ചു. പകുതിയോളം പ്രാദേശികഭരണകൂടങ്ങളുമായി മാത്രമേ ബന്ധപ്പെടാനായിട്ടുള്ളൂ എന്ന് ഗവർണർ ആർതർ യാപ് പറഞ്ഞു.
ദ്വീപ് പ്രവിശ്യയായ ബോഹലിൽ പത്തു പേരെ കാണാതായി. 13 പേർക്ക് പരിക്കേറ്റു. 48 മേയർമാരിൽ 33 പേരിൽനിന്നു മാത്രമാണ് വിവരങ്ങൾ ലഭ്യമായിട്ടുള്ളത്. റായ് ചുഴലിക്കൊടുങ്കാറ്റിൽ വൈദ്യുതി-വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും നിലച്ചിരിക്കുകയാണ്. പ്രളയവും മണ്ണിടിച്ചിലുമാണ് മരണസംഖ്യ ഉയർത്തിയത്.
മേഖലയിൽ ഭക്ഷ്യക്ഷാമവും കുടിവെള്ളക്ഷാമവും രൂക്ഷമാണ്. ഇവ അടിയന്തരമായി എത്തിക്കണമെന്ന അഭ്യർഥനയും ഗവർണർ നടത്തി. അതിഭീകരമായ നാശനഷ്ടമാണ് മേഖലയിൽ ഉണ്ടായിരിക്കുന്നതെന്ന് ആകാശനിരീക്ഷണത്തിനുശേഷം അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് റോഡ്രിഗോ ഡുട്ടർട്ടെ ശനിയാഴ്ച ദുരന്തബാധിത മേഖല സന്ദർശിച്ചു.