ബ്രിട്ടനിൽ ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം അതിതീവ്രം; 25,000 പേർക്ക് രോഗബാധ

ലണ്ടന്‍: ബ്രിട്ടനിൽ കൊറോണ ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം അതിതീവ്രം. രാജ്യത്ത് 25,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 10,000 കേസുകള്‍ വര്‍ധിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) അറിയിച്ചു. വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് 7 പേര്‍ ഒമിക്രോണ്‍ ബാധിച്ചു മരിച്ചു.തലസ്ഥാന നഗരത്തിൽ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ലണ്ടന്‍ മേയര്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. ‘മഞ്ഞുമലയുടെ അറ്റം’ മാത്രമാണ് ഇപ്പോഴത്തെ കണക്കുകള്‍ എന്ന് മുതിര്‍ന്ന ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ദിവസവും ആയിരക്കണക്കിനാളുകള്‍ ഒമിക്രോണിന് ചികിത്സ തേടുന്നുണ്ടെന്നും ഈ കണക്കുകള്‍ ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുന്നില്ലെന്നും സയന്റിഫിക് ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് പറയുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പ്രതിദിനം മൂവായിരത്തോളം പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കി.

ലണ്ടനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കൊറോണ ബാധിതരുടെ എണ്ണത്തില്‍ 28.6% വര്‍ധനയാണ് രേഖപ്പെടുത്തിയത്. ലണ്ടനിലെ 80% കൊറോണ കേസുകളും ഒമിക്രോണ്‍ ആണെന്നും ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് തിരിച്ചടിയാണെന്നും ഉപദേശക സംഘം അറിയിച്ചു. മാസ്‌ക് നിര്‍ബന്ധമാക്കിയതിനു പുറമേ യുകെയില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് വാക്‌സിനേഷന്‍/കൊറോണ നെഗറ്റീവ് രേഖയും നിര്‍ബന്ധമാക്കി.

തൊഴില്‍ സംബന്ധമല്ലാത്ത അനാവശ്യ കൂടിച്ചേരലുകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്താനും നീക്കമുണ്ട്. രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വേഗത്തിലാക്കിയ സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാരില്‍ പകുതിയും ബൂസ്റ്റര്‍ സ്വീകരിച്ചതായാണു കണക്ക്. ഒമിക്രോണ്‍ വകഭേദം 89 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. ഡെല്‍റ്റ വകഭേദത്തെക്കാള്‍ വേഗത്തിലാണ് വ്യാപനം.

യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്കു നീങ്ങുകയാണ്. ഫ്രാന്‍സും ഓസ്ട്രിയയും യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പാരിസിലെ വെടിക്കെട്ട് ഉള്‍പ്പെടെ പുതുവത്സര ആഘോഷം ഉപേക്ഷിച്ചു.

നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പാരിസില്‍ പ്രതിഷേധവും ശക്തമായി. ഡെന്‍മാര്‍ക്കില്‍ തിയറ്ററുകളും അമ്യൂസ്‌മെന്റ് പാര്‍ക്കുകളും മ്യൂസിയങ്ങളും അടച്ചു. അയര്‍ലന്‍ഡില്‍ രാത്രി 8നു ശേഷം കര്‍ഫ്യൂ നിലവില്‍ വന്നു. ഭാഗിക ലോക്ഡൗണ്‍ നിലവിലുള്ള നെതര്‍ലന്‍ഡ്‌സ് സമ്പൂര്‍ണ ലോക്ഡൗണിലേക്കു നീങ്ങുന്നതായാണു സൂചന.