യാത്രാ നിബന്ധനകള്‍ വ്യക്തമാക്കി ഒമാന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി

മസ്‌കറ്റ്: പുതിയ യാത്രാനിബന്ധനകൾ സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഒമാനിലെ യാത്രാ നിബന്ധനകള്‍ പാലിക്കാത്ത യാത്രക്കാരെ വിമാനത്തില്‍ കയറ്റിയാല്‍ വിമാന കമ്പനിക്ക് പിഴ ചുമത്തുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

യുഎഇയില്‍ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ കൊറോണ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപ്ലോഡ് ചെയ്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഒമാനിലെത്തുന്ന സമയത്തിന് 14 മണിക്കൂര്‍ മുമ്പെടുത്ത കൊറോണ പിസിആര്‍ നെഗറ്റീവ് ഫലവും കരുതണം. https://covid19.emushrif.om/ എന്ന ലിങ്ക് വഴിയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.

രജിസ്‌ട്രേഷന്റെ കോപ്പി, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം അല്ലെങ്കില്‍ ഒമാനിലെത്തിയ ശേഷം പിസിആര്‍ പരിശോധന നടത്താനുള്ള റിസര്‍വേഷന്‍ എന്നിവയാണ് വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ കരുതേണ്ട രേഖകള്‍.

രജിസ്‌ട്രേഷന്റെ കോപ്പി, നെഗറ്റീവ് പിസിആര്‍ ഫലം അല്ലെങ്കില്‍ ഒമാനിലെത്തിയ ശേഷം പിസിആര്‍ പരിശോധന നടത്താനുള്ള റിസര്‍വേഷന്‍, ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ ഇളവ് ലഭിക്കാത്തവര്‍ ക്വാറന്റീന്‍ സെന്റര്‍ റിസല്‍വേഷന്‍ രേഖ എന്നിവ കൈവശം കരുതണം.