സ്ഥിതി വീണ്ടും സങ്കീർണ്ണം; 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു: രോഗികൾ ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണയുടെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതോടെ സ്ഥിതി വീണ്ടും സങ്കീർണ്ണമാകുന്നു. 89 രാജ്യങ്ങളില്‍ ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചുവെന്നും ഒന്നര മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. പൂര്‍ണ്ണമായും വാക്സിനേഷനെടുത്ത ആളുകളുള്ള, ആളുകളുടെ പ്രതിരോധശേഷി കൂടിയ രാജ്യങ്ങളില്‍ പോലും രോഗവ്യാപനം വേഗത്തിലാണെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

അതേസമയം ഒമിക്രോണിന്റെ തീവ്രത എത്രത്തോളമെന്ന് അറിയാന്‍ ഇനിയും വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. നിലവിലെ പ്രതിരോധശേഷി മറികടക്കുന്നതുകൊണ്ടാണോ ഒമിക്രോൺ അതിവേഗത്തിൽ പടരുന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

അതേസമയം, ഒമിക്രോണ്‍ വ്യാപന തീവ്രത കൂടിയാല്‍ രാജ്യത്ത് കൊറോണ മൂന്നാം തരംഗം ഫെബ്രുവരിയോടെ ഉണ്ടാകാമെന്ന സൂചന നല്‍കി വിദഗ്ധര്‍. രാജ്യത്താകമാനമായി ഒമിക്രോൺ രോഗബാധയേറ്റവരുടെ എണ്ണം ഇപ്പോള്‍ വർധിക്കുകയാണ്.

24 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കൂടുതൽ ആണെന്നും, ജാഗ്രത പാലിക്കണമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.