ബ്രിട്ടണിൽ പ്രതിദിന കൊറോണ കേസുകൾ ഏറ്റവും ഉയർന്ന നിരക്കിൽ; ഒമിക്രോണില്‍ വലഞ്ഞ് രാജ്യം

ലണ്ടൻ: ബ്രിട്ടണിൽ കൊറോണക്കേസുകൾ ഏറ്റവും ഉയർന്ന നിലയിൽ. കൊറോണ മഹാമാരി കഴിഞ്ഞ വർഷം ജനുവരിയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തതിന് ശേഷം യുകെയിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കേസുകൾ ബുധനാഴ്ച രേഖപ്പെടുത്തിയത്. ഒമിക്രോൺ വകഭേദത്തിന്റെ കൂടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ രാജ്യത്തെ കൊറോണ കേസുകളിൽ ‘അമ്പരപ്പിക്കുന്ന’ വർദ്ധനവുണ്ടാകുമെന്ന് ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.

78,610 കൊറോണ കേസുകളാണ് യുകെയിൽ ബുധനാഴ്ച മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിന് മുമ്പ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഉയർന്ന പ്രതിദിന കേസുകളെക്കാൾ 10,000 കൂടുതലാണ് ഇത്. മൊത്തം 67 ദശലക്ഷത്തോളം ജനസംഖ്യയുള്ള യുകെയിൽ 11 ദശലക്ഷത്തിലധികം ആളുകൾക്ക് ഇതിനോടകം രോഗം വന്നുകഴിഞ്ഞു.

ബ്രിട്ടനിലുടനീളം കൊറോണയുടെ ഒമിക്രോൺ വകഭേദം ബാധിക്കുന്നതിൽ വൻ വർദ്ധനവുണ്ടായതോടെ, പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൊറോണയുടെ അടുത്ത തരംഗത്തെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ‘ഒരുപക്ഷേ ഏറ്റവും വലിയ ഭീഷണി’യെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് ജെന്നി ഹാരിസ് ഒമിക്രോൺ വകഭേദത്തെ നേരത്തെ വിശേഷിപ്പിച്ചത്.

ഒമിക്രോണിന്റെ പതിനായിരത്തിലധികം കേസുകൾ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുറഞ്ഞത് 10 പേരെയെങ്കിലും ഇതിനോടകം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഒമിക്രോൺ ബാധിച്ച് ഇതുവരെ ഒരാളുടെ മരണമാണ് യുകെയിൽ സ്ഥിരീകരിച്ചിട്ടുള്ളത്.