ഒമിക്രോൺ ബാധിച്ച് യുകെയിൽ ആദ്യ മരണം: സ്ഥിരീകരിച്ച് ബോറിസ് ജോൺസൺ; അതീവ ജാഗ്രതയിൽ ലോകരാജ്യങ്ങൾ

ലണ്ടന്‍: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിച്ച് യുകെയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ മരണം സ്ഥിരീകരിച്ചു. ഒമിക്രോണ്‍ ബാധിച്ച് നിരവധി പേര്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. അതില്‍ ഒരാള്‍ മരണപ്പെട്ടു, അത് നിര്‍ഭാഗ്യകരമാണെന്ന് ബോറിസ് ജോൺസണ്‍ പറഞ്ഞു.

ഒമിക്രോണ്‍ വകഭേദത്തെ അതിജീവിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. എല്ലാവരും വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ലണ്ടനിലെ കൊറോണ വൈറസ് കേസുകളിൽ 40 ശതമാനവും ഇപ്പോൾ ഒമിക്രോണ്‍ വകഭേതമാണ്.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുകെയില്‍ ഒമിക്രോണ്‍ വ്യാപനം വളരെ കൂടുതലാണ്. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എല്ലാ മുതിര്‍ന്ന പൗരന്മാർക്കും ഡിസംബർ മാസം അവസാനത്തോടെ ബൂസ്റ്റർ ഡോസുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ കൂടുതൽ കൊറോണ കേസുകൾ കണ്ടെത്തുന്ന സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. നെടുമ്പാശ്ശേരിയിൽ മാത്രം ഹൈറിസ്ക് കാറ്റഗറി രാജ്യങ്ങളിൽ നിന്ന് വന്ന 4408 പേരുണ്ട്. നെടുമ്പാശ്ശേരി വഴി വന്ന 10 പേരാണ് ഇന്നലെയും ഇന്നുമായി കൊറോണ പോസിറ്റീവായത്. ഇവരുടെയെല്ലാം ജീനോം പരിശോധന നടത്തിയതിൽ രണ്ട് പേരുടെ ജീനോം ഫലം കിട്ടി. ഇതിൽ ഒരാൾ പോസിറ്റിവും ഒരാൾ നെഗറ്റീവുമാണ്. ഇനിയും എട്ട് പേരുടെ ഫലം വരാനുണ്ട്.