കെന്റക്കിൽ ചുഴലിക്കാറ്റ്; മരണം എൺപതായി; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കെന്റക്കി: അമേരിക്കയിൽ വെള്ളിയാഴ്ച രാത്രിയോടെ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ 80 ഓളം പേർ മരിച്ചതായി റിപ്പോർട്ട്. തെക്കൻ സംസ്ഥാനമായ കെന്റക്കിയിലാണ് നാശനഷ്ടങ്ങളേറെയും സംഭവിച്ചിരിക്കുന്നത്. കെന്റക്കിയിൽ മാത്രമായി 70ലേറെ മരിച്ചതയാണ് വിവരം.

ഇല്ലിനോയിലെ ആമസോൺ ഗോഡൗൺ തകർന്നിട്ടുണ്ട്. ഇവിടെ നൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. കെന്റക്കിയിൽ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവുംശക്തമായ കൊടുങ്കാറ്റുകളിലൊന്നാണിതെന്നും മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും ഗവർണർ ആൻഡി ബെഷിയർ പറഞ്ഞു.

കാറ്റിൽ നിലംപൊത്തിയ മെയ്ഫീൽഡിലുള്ള മെഴുകുതിരി ഫാക്ടറിയിലും ഒട്ടേറെപ്പേർ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. കാലംതെറ്റിവന്ന കൊടുങ്കാറ്റ് യു.എസിലെ അർക്കൻസസ്, ഇല്ലിനോയ്, കെന്റക്കി, ടെന്നസി, മിസൗറി എന്നീ അഞ്ചുസംസ്ഥാനങ്ങളെയാണ് ബാധിച്ചത്. ഒട്ടേറെ കെട്ടിടങ്ങളും തകർന്നു. മരണ സംഖ്യ ഇനിയും ഉയന്നേക്കുമെന്ന് കെന്റക്കി ഗവർണർ വ്യക്തമാക്കിയത്. കെന്റക്കിയിലെ ഗ്രേസ് കൗണ്ടിയിലും കനത്ത നാശനഷ്ടമാണ് ചുഴലിക്കാറ്റ് വിതച്ചിരിക്കുന്നത്.

നിരവധി പേരെ കാണാതായതായാണ് വിവരം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കെന്റക്കിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തിൽ ഗവർണറുമായി കൂടിയാലോചിച്ച് അടിയന്തരമായി ആവശ്യമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

വ്യാപക നാശനഷ്ടമാണ് അമേരിക്കൻ പശ്ചിമ മേഖലയിൽ ഉണ്ടായിരിക്കുന്നത്. ഈ മേഖലകളിൽ കൂടുതൽ സഹായങ്ങൾ എത്തിക്കുന്നതിനാണ് പരിശ്രമിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.