മുംബൈ വിമാനത്താവളത്തിൽ ഒമ്പത് അന്താരാഷ്ട്ര യാത്രക്കാർക്ക് കൊറോണ പോസിറ്റീവ് ; സാമ്പിളുകൾ ജീനോം സീക്വൻസിങ്ങിന് അയച്ചു

മുംബൈ: ഒമിക്രോൺ ആശങ്കകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നവംബർ 10നും ഡിസംബർ രണ്ടിനും ഇടയിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒമ്പത് അന്താരാഷ്ട്ര യാത്രക്കാർ കൊറോണ പോസിറ്റീവായതായി റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരാൾ ഉൾപ്പടെയുള്ളവർക്കാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

കൂടുതൽ പരിശോധനയ്ക്കായി കൊറോണ സ്ഥിരീകരിച്ച ഒമ്പത് യാത്രക്കാരുടെയും സാമ്പിളുകൾ ജീനോം സീക്വൻസിങ്ങിനായി അയച്ചതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. ബെംഗളൂരുവിൽ ഇന്നലെ രാജ്യത്തെ ആദ്യത്തെ ഒമിക്രോൺ കേസ് സ്ഥീരീകരിച്ചിരുന്നു.

ഡെൽറ്റ, ബീറ്റ സ്ട്രെയിനുകളെ അപേക്ഷിച്ച് ഒരു വ്യക്തിയിൽ വീണ്ടും അണുബാധയുണ്ടാക്കാനുള്ള സാധ്യത ഒമിക്രോണിന് മൂന്നിരട്ടി കൂടുതലാണെന്നാണ് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം സൂചിപ്പിക്കുന്നത്.

എന്നാൽ, പരിഭ്രാന്തരാകാതെ ജാഗ്രത തുടരാനും കാലതാമസം കൂടാതെ പ്രതിരോധ കുത്തിവെപ്പ് എടുക്കാനും കേന്ദ്ര സർക്കാർ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നതിനും പരിശോധനാ നടപടികൾ കർശനമാക്കുന്നതിനും കേന്ദ്രം ഇതിനകം തന്നെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.