കര്‍ണാടകയില്‍ ദക്ഷിണാഫ്രിക്കന്‍ പൗരന് ബാധിച്ചത് കൊറോണ വൈറസിൻ്റെ ഏത് വകഭേദം എന്നതിനെക്കുറിച്ച് സന്ദേഹം; വ്യക്തതയില്ലെന്ന് ആരോഗ്യമന്ത്രി

ബംഗളൂരു: കര്‍ണാടകയില്‍ കൊറോണ സ്ഥിരീകരിച്ച രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാരില്‍ ഒരാളെ ബാധിച്ചത് വൈറസിൻ്റെ ഏത് വകഭേദം എന്നതിനെ കുറിച്ച് സന്ദേഹം. ഇയാൾക്ക് കൊറോണയുടെ ഏത് വകഭേദം എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു. ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ ഇപ്പോള്‍ കഴിയില്ല. വകഭേദം ഏത് എന്നത് തിരിച്ചറിയാന്‍ ഐസിഎംആറിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സഹായം തേടിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ കാണാത്ത വകഭേദമാണിതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നേരത്തെ രണ്ടുപേരെയും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 63കാരനെ ബാധിച്ച വൈറസ് വകഭേദത്തിലാണ് വ്യക്തതയില്ലാത്തത്. ഡെല്‍റ്റ വകഭേദത്തില്‍ നിന്ന് വ്യത്യസ്തമാണ് ഇത്. ഇതുമായി ബന്ധപ്പെട്ട് ഐസിഎംആറിനെ സമീപിച്ചതായി മന്ത്രി അറിയിച്ചു.

അതിനിടെ ഒമൈക്രോണ്‍ വകഭേദം ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന് കര്‍ണാടകയും ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്ക, ബോട് സ്വാന, ഹോങ്കോങ്ങ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ വിലക്കണമെന്നാണ് ആവശ്യം.