കാനഡയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു; ആഫ്രിക്ക സന്ദർശിച്ച് വരുന്നവർക്ക് കർശന പരിശോധന

ഒന്റാരിയോ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വകഭേദം ഒമിക്രോൺ കാനഡയിൽ രണ്ടുപേർക്ക് സ്ഥിരീകരിച്ചു. നൈജീരിയയിൽ നിന്നെത്തിയ രണ്ടുപേർക്കാണ് സ്ഥിരീകരിച്ചത്. ഒന്റാരിയോ ആരോഗ്യവകുപ്പധികൃതർ ഔദ്യോഗികമായി അറിയിച്ചു.

ഒമിക്രോൺ വൈറസിന്റെ വ്യാപനത്തെക്കുറുച്ച് സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കയാണെന്നും കാനഡ, യുഎസ് എന്നിവിടങ്ങളിൽ ഇതിന്റെ വ്യാപനം ഉണ്ടാകുമെന്നുതന്നെയാണ് കരുതുന്നതെന്നും യാത്രാവിലക്ക് ഉൾപ്പെടെ വിവിധ പ്രതിരോധ മാർഗങ്ങൾ പരിഗണിച്ചുവരികയാണെന്നും കാനഡ പബ്ലിക് ഹെൽത്ത് ഏജൻസി പ്രസ്താവനയിലൂടെ അറിയിച്ചു.

സൗത്ത് ആഫ്രിക്ക ഉൾപ്പെടെ ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ച് മടങ്ങി വരുന്നവർക്ക് കാനഡയിൽ പ്രവേശനം നൽകുന്നതിനുമുമ്പ് കർശന പരിശോധനക്ക് വിധേയരാകേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, യുഎസ്സിലും ഒമിക്രോൺ വകഭേദം ഇതിനകം തന്നെ എത്തിച്ചേർന്നിരിക്കാമെന്ന് ചീഫ് മെഡിക്കൽ അഡൈ്വസർ ആന്റണി ഫൗച്ചി പറഞ്ഞു. പുതിയ വേരിയന്റിനെക്കുറിച്ച് പഠിക്കുന്നതിന് അമേരിക്കൻ ശാസ്ത്രജ്ഞർക്ക് രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നും ഫൗച്ചി കൂട്ടിച്ചേർത്തു.