ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വ്യാപനശേഷി കൂടിയ പുതിയ കൊറോണ വകഭേദം; ആഗോളതലത്തിൽ കടുത്ത ആശങ്ക

ന്യൂഡെൽഹി: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊറോണ വകഭേദം ‘ബി.1.1.529’ ആഗോളതലത്തിൽ കടുത്ത ആശങ്ക ഉയർത്തി. വ്യാപനശേഷി കൂടുതലായതിനാൽ ഇത് ഡെൽറ്റയെക്കാൾ അപകടകാരിയായേക്കുമോയെന്നാണ് ശാസ്ത്രജ്ഞർ ഉറ്റുനോക്കുന്നത്.

ബി.1.1.529 വകഭേദത്തിന് ആകെ 50 ജനിതകവ്യതിയാനങ്ങൾ ഇതിനകം സംഭവിച്ചുകഴിഞ്ഞു. ഇതിൽ 30 എണ്ണം വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിലാണ്. നിലവിലെ വാക്സിനുകളുടെയെല്ലാം ലക്ഷ്യം സ്പൈക്ക് പ്രോട്ടീനാണ്. ശരീരത്തിലെ കോശങ്ങളിലേക്ക് തുളച്ചുകയറാൻ വൈറസിനെ സഹായിക്കുന്ന ഭാഗമാണ് സ്പൈക്ക് പ്രോട്ടീനുകൾ. അതുകൊണ്ട് മുമ്പത്തെ വകഭേദത്തെക്കാൾ വ്യാപനശേഷിയുള്ളതാക്കാൻ ഇടയാക്കുമോ പുതിയ വകഭേദമെന്ന അന്വേഷണത്തിലാണ് ഗവേഷകർ.

ഡെൽറ്റ വകഭേദത്തിന് ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ പ്രത്യേകത അതിന്റെ സ്പൈക്ക് പ്രോട്ടീനിൽ സംഭവിച്ച കെ.417എൻ എന്ന ജനിതകവ്യതിയാനമാണ്. ഇപ്പോൾ പുതുതായി രൂപപ്പെട്ട ബി.1.1.529 വകഭേദം അക്കൂട്ടത്തിൽപ്പെട്ടതാണോയെന്ന് വ്യക്തമല്ല. എയ്ഡ്സ് പോലെ പ്രതിരോധശേഷി കുറവുള്ള ഒരു രോഗിയിലുണ്ടായ കടുത്ത അണുബാധയിൽനിന്നായിരിക്കാം ഈ വകഭേദം രൂപപ്പെട്ടതെന്ന് ലണ്ടൻ ആസ്ഥാനമായ യു.സി.എൽ. ജനറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫ്രാങ്കോയിസ് ബലൂക്സ് പറഞ്ഞു.

ഈയാഴ്ച ദക്ഷിണാഫ്രിക്കയിലാണ് പുതിയ വകഭേദം റിപ്പോർട്ടുചെയ്തത്. തുടർന്ന്, ബോട്സ്വാന ഉൾപ്പെടെയുള്ള സമീപരാജ്യങ്ങളിലേക്കും വ്യാപിച്ചു. ഹോങ് കോങ്ങിലും രണ്ടുകേസുകൾ റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഫൈസർ വാക്സിൻ സ്വീകരിച്ച ദക്ഷിണാഫ്രിക്കയിൽനിന്നുള്ളവരിലാണ് ഇതുകണ്ടെത്തിയത്. ഹോട്ടലുകളിൽ വ്യത്യസ്തമുറികളിൽ താമസിച്ചിരുന്നവരാണ് ഇവർ. അതിനാൽത്തന്നെ രോഗാണുവ്യാപനം വായുവിലൂടെയാകാനാണ് സാധ്യതയെന്നും സംശയിക്കുന്നു.

പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഇന്ത്യയും പ്രത്യേക മുൻകരുതലെടുത്തു. വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽനിന്നെത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയരാക്കാൻ ആരോഗ്യമന്ത്രാലയം നിർദേശം നൽകി. രാജ്യത്ത് ഇതുവരെ ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.