ഒന്നിലധികം ബലാത്സംഗക്കേസ് കേസുകളിൽപെട്ട പ്രതികൾക്ക് മരുന്നുപയോഗിച്ച് വന്ധ്യംകരണം; ബില്‍ പാസാക്കി പാകിസ്താന്‍ പാര്‍ലമെന്‍റ്

ഇസ്ലാമാബാദ്: ഒന്നിലധികം ബലാത്സംഗ കേസുകളിൽ ഉൾപ്പെട്ട പ്രതികൾക്ക് മരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള ഷണ്ഡീകരണം നടത്താനുള്ള ബിൽ പാകിസ്താൻ പാർലമെന്റ് പാസാക്കി. ക്രിമിനൽ നിമയം ഭേദഗതി ചെയ്യുന്നതാണ് ബിൽ.

ബലാത്സംഗ കേസുകളുടെ വിചാരണ നാല് മാസത്തിനുള്ളിൽ അതിവേഗ കോടതികളിലൂടെ പൂർത്തിയാക്കി ശിക്ഷ(കെമിക്കൽ കാസ്ട്രേഷൻ) വിധിക്കാനുള്ള ബലാത്സംഗ വിരുദ്ധ ബില്ലിന് പ്രസിഡന്റ് ആരിഫ് അൽവി ഒരു വർഷം മുൻപ് അംഗീകാരം നൽകിയിരുന്നു. ബുധനാഴ്ച ചേർന്ന സംയുക്ത പാർലമെന്റ് യോഗത്തിലാണ് ബിൽ പാസായത്. ഇതിന് പുറമേ 33 മറ്റ് ബില്ലുകൾ കൂടി പാസാക്കിയിട്ടുണ്ട്.

മരുന്ന് ഉപയോഗിച്ചുള്ള വന്ധ്യംകരണം നടത്തിയാൽ പ്രതിക്ക് ജീവിതകാലത്തിനിടെ ലൈംഗീക ബന്ധത്തിലേർപ്പെടാൻ കഴിവില്ലാത്തവനാവുന്നുവെന്നാണ് ബില്ലിൽ പറയുന്നത്. രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള ബലാത്സംഗ കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കൃറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ പുതിയ നിയമം നടപ്പിലാക്കുന്നത്.

കുറ്റകൃത്യങ്ങൾ കൂടുന്നതിനെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധവും ഉയർന്നിരുന്നു. അതേസമയം പുതിയ ബില്ലിനെതിരേ ജമാത്ത് ഇസ്ലാമി സെനറ്ററായ മുഷ്താഖ് അഹമ്മദ് രംഗത്തെത്തിത്തി. ബലാത്സംഗ കേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണം. വന്ധ്യംകരണത്തെക്കുറിച്ച് ശരിയത്തിൽ പരാമർശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗീക പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിനുള്ള മരുന്നുകളുടെ ഉപയോഗമാണ് കെമിക്കൽ കാസ്ട്രേഷൻ. ദക്ഷിണ കൊറിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലും യുഎസിലെ ചില സംസ്ഥാനങ്ങളിലും ഇത് നിയമപരമായ ശിക്ഷാരീതിയാണെന്നാണ് റിപ്പോർട്ടുകൾ.