അമേരിക്ക കോടികള്‍ മുടക്കിയത് പാഴായി, താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിൻ്റെ കാരണം പുറത്ത്

കാബൂള്‍: താലിബാന്‍ അഫ്ഗാനിലെ ഭരണം പിടിച്ചെടുത്തിട്ട് മൂന്ന് മാസം തികയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ ഉള്ളൂവെങ്കിലും ജനങ്ങള്‍ ഇപ്പോഴും കൂട്ടപ്പലായനം നടത്തുകയാണ്. താലിബാന്‍ നേതാക്കള്‍ക്ക് ഭരണം എങ്ങിനെ തുടങ്ങണം എവിടെ നിന്ന് തുടങ്ങണം എന്നും ഇപ്പോഴും നിശ്ചയമായിട്ടില്ല. ഇതിനിടെ ഇസ്ലാമിക സ്‌റ്റേറ്റിന്റെ ഭീഷണിക്കു മുന്നില്‍ ഭീതിയിലാണ് താലിബാന്‍. ശക്തമായ സൈന്യത്തിന്റെ അഭാവം അവരെ വല്ലാതെ അലട്ടുന്നുണ്ട്.

മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് മുഹമ്മദ് ഗനിയുടെ കാലത്തും അഫ്ഗാന് ശക്തമായ സൈന്യം ഉണ്ടായിരുന്നില്ല. ഇതിന്റെ കാരണം വെളിപ്പെടുത്തി അഫ്ഗാന്‍ മുന്‍ ധനകാര്യമന്ത്രി രംഗത്ത് വരികയും ചെയ്തു. ഇസ്ലാമിസ്റ്റ് സംഘടനകളില്‍ നിന്നും പണം വാങ്ങി ചില സൈനിക ഉദ്യോഗസ്ഥര്‍ വ്യാജ പട്ടാളക്കാരെ നിയമിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതാണ് താലിബാന് എളുപ്പം അധികാരം പിടിച്ചെടുക്കാന്‍ സഹായകരമായത്.

3 ലക്ഷത്തോളം വരുന്ന സൈനികരില്‍ പലരും യഥാര്‍ത്ഥത്തില്‍ ഇല്ലാത്തവരാണെന്നും പേരുകള്‍ മാത്രം എഴുതിച്ചേര്‍ത്ത് അവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ തട്ടിച്ചെടുക്കുകയായിരുന്നു. ഇതായിരുന്നു അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതോടെ താലിബാന് എളുപ്പത്തില്‍ അധികാരം പിടിച്ചെടുക്കാന്‍ കഴിഞ്ഞത്.