ചൈന – അമേരിക്ക യുദ്ധം ഉടനെന്ന് മുന്നറിയിപ്പ് ; തെളിവായി ഉപഗ്രഹ ചിത്രങ്ങള്‍

ബീജിംഗ്: അമേരിക്ക-ചൈന ബന്ധം ഉലയുന്നതിനിടയ്‌ക്ക്, യു.എസിന്റെ യുദ്ധ സന്നാഹങ്ങളുടെ മാതൃകയുണ്ടാക്കി ചൈനീസ് സൈന്യം പരിശീലിക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതുസമയവും ആക്രമണം പ്രതീക്ഷിക്കാവുന്ന തരത്തിലാണ് ചൈനയുടെ നീക്കങ്ങള്‍. യു.എസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകളുടെയും യുദ്ധക്കപ്പലുകളുടെയും മാതൃകയുണ്ടാക്കിയാണ് ചൈനയുടെ പരിശീലനം.

ഷിന്‍ഷിയാങ് പ്രവിശ്യയിലെ താക്‌ലമക്കാന്‍ മരുഭൂമിയില്‍ നടത്തുന്ന പരിശീലനത്തിന്റെ ഉപഗ്രഹചിത്രങ്ങള്‍ യു.എസ്. ബഹിരാകാശ സാങ്കേതിക കമ്പനിയായ മാക്‌സറാണ് പുറത്തുവിട്ടിരിക്കുന്നത്. മരുഭൂമിയിലെ സൈന്യത്തിന്റെ പുതിയ പരിശീലനകേന്ദ്രത്തില്‍ അമേരിക്കയുടെ ഒരു വിമാനവാഹിനിക്കപ്പലിന്റെയും രണ്ട് മിസൈല്‍വേധ കപ്പലിന്റെയും മാതൃകകളാണ് നിര്‍മിച്ചിട്ടുള്ളത്. ആറ് മീറ്റര്‍ വീതിയുള്ള ഒരു റെയില്‍ സംവിധാനവും അതിലൊരു കപ്പലിനോട് സാമ്യമുള്ള ടാര്‍ഗെറ്റ് ഘടിപ്പിച്ചിരിക്കുന്നതും ചിത്രങ്ങളില്‍ കാണാം.

ചലിക്കുന്ന ഒരു കപ്പലിനെ അനുകരിക്കാന്‍ ഇത് ഉപയോഗിക്കാമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉലച്ചിലുകളില്‍ യുദ്ധസാദ്ധ്യത മുന്നില്‍ കണ്ടാണോ ചൈനയുടെ ഈ നീക്കമെന്നാണ് ലോകരാജ്യങ്ങള്‍ വീക്ഷിക്കുന്നത്. തെക്കന്‍ ചൈനക്കടല്‍, തായ്‌വാന്‍ വിഷയങ്ങളില്‍ അമേരിക്കയും ചൈനയും രണ്ടു ധ്രുവങ്ങളിലാണ്. എന്നാല്‍, വാര്‍ത്തകള്‍ പുറത്തു വന്നിട്ടും അതിനോടൊന്നും ചൈനയുടെ ഭാഗത്ത് നിന്നും ഇതുവരെയും കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.

ചൈനയുടെ സൈന്യത്തെ കുറിച്ചുള്ള പെന്റഗണിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച്‌, 2020 ജൂലായില്‍ ചൈന പരീക്ഷണാര്‍ത്ഥം വിക്ഷേപിച്ച ആറ് ഡി.എഫ് കപ്പല്‍വേധ ബാലിസ്റ്റിക് മിസൈലുകള്‍ തെക്കന്‍ ചൈനക്കടലില്‍ പതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രകോപനപരമായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഈ വര്‍ഷമാദ്യം ആവശ്യപ്പെട്ടിരുന്നു. അതേസമയം, അയല്‍ രാജ്യങ്ങളെല്ലാം ചൈനയുടെ ഈ പരിശീലന നടപടിക്കെതിരെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.