ലണ്ടൻ: ദക്ഷിണാഫ്രിക്കൻ സാഹിത്യകാരനും നാടകകൃത്തുമായ ഡെയ്മൻ ഗാൽഗട്ടിന് ബുക്കർ പുരസ്കാരം. അദ്ദേഹത്തിന്റെ ‘ദ് പ്രോമിസ്’ എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. മുൻപ് രണ്ട് തവണ ഗാൽഗട്ട് ബുക്കർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബുക്കര്‍ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തി കൂടിയാണ് അദ്ദേഹം. പ്രിട്ടോറിയയിലെ ഒരു ബ്രിട്ടിഷ് കുടുംബത്തോടൊപ്പം കഴിയുന്ന ആഫ്രിക്കൻ വംശജയായ ജോലിക്കാരിയുടെ ജീവിതമാണ് നോവലിന്റെ പ്രമേയം. ജീവിതത്തിന്റെ പ്രതീക്ഷകളുടെയും വഞ്ചനയുടെയും അധ്യായങ്ങളാണ് നോവൽ പറയുന്നത്. വർണവിവേചന കാലഘട്ടത്തിന്റെ അവസാനം മുതൽ ജേക്കബ് സുമയുടെ ഭരണകാലം വരെയാണ് നോവലിന്റെ കാല സഞ്ചാരം.
17 ാം വയസ് മുതലാണ് ഗാൽഗട്ട് എഴുതിത്തുടങ്ങിയത്. ആറുവയസുള്ളപ്പോൾ, ഗാൽഗട്ടിന് അർബുദരോഗം കണ്ടെത്തി. തന്റെ ജീവിതത്തിലെ കേന്ദ്ര, ദുരന്ത സംഭവം എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. കുട്ടിക്കാലം മുഴുവൻ ആശുപത്രിയിൽ ചെലവഴിച്ചു. ആശുപത്രി കിടക്കയിൽ കിടന്നാണ് കഥപറച്ചിലിനോടുള്ള അദ്ദേഹം കൂട്ടുകൂടിയത്. തന്റെ 17 ാം വയസിൽ ഗാൽഗട്ട് ആദ്യ നോവൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.