അങ്ങാണ് സമാധാനത്തിൻ്റെ ഏറ്റവും വലിയ പോരാളി; ഫ്രാൻസിസ് മാർപ്പാപ്പയെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ

വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പയെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. “അങ്ങാണ് സമാധാനത്തിൻ്റെ ഏറ്റവും വലിയ പോരാളി”യെന്ന് ഫ്രാൻസിസ് പാപ്പായോട് ജോ ബൈഡൻ പറഞ്ഞു. വത്തിക്കാനിലെ സാൻ ഡമാസോയുടെ മുറ്റത്ത് എത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും, പ്രഥമ വനിത ജിൽ ബൈഡനെയും, പേപ്പൽ ഹൗസ്‌ഹോൾഡിന്റെ റീജന്റ് മോൺസിഞ്ഞോർ ലിയോനാർഡോ സപിയൻസ സ്വാഗതം ചെയ്തു.

അപ്പസ്തോലിക് ലൈബ്രറിയിൽ ബൈഡനും ഭാര്യയും മാർപാപ്പയുമായി സംഭാഷണം നടത്തി. പ്രസിഡൻ്റിനെ വത്തിക്കാനിലേക്ക് സ്വാഗതം ചെയ്യാനും മാർപ്പാപ്പയുടെ അടുത്തേക്ക് കൂട്ടികൊണ്ട് പോകാനും കാത്ത് നിന്ന പാപ്പായുടെ പ്രതിനിധി സംഘത്തെ ബൈഡൻ അഭിസംബോധന ചെയ്തു. “വീണ്ടും ഇവിടെ വരുന്നതിൽ വളരെ സന്തോഷമുണ്ട്” എന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ സന്തോഷത്തോടെ പറഞ്ഞു. “ഞാൻ ജില്ലിന്റെ ഭർത്താവാണ്” എന്ന് പരിചാരകരിൽ ഒരാളോട് ബൈഡൻ തമാശ പറഞ്ഞപ്പോൾ ചുറ്റുമുണ്ടായിരുന്നവരെല്ലാം ചിരിച്ചു.

ഫ്രാൻസിസ് മാർപാപ്പായും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച വൈറ്റ് ഹൗസ് അജണ്ട പ്രകാരം 55 മിനിറ്റ് മാത്രമായിരുന്നു. എന്നാൽ ഏകദേശം 75 മിനിറ്റ് അപ്പസ്തോലിക് ലൈബ്രറിയിലെ അടഞ്ഞ വാതിലുകൾക്ക് ഉള്ളിൽ ഇരുവരും മുഖാമുഖം സംസാരിച്ചു. കാലാവസ്ഥ, കൊറോണ, കുടിയേറ്റം, മതസ്വാതന്ത്ര്യം മനസ്സാക്ഷിയുടെ ശബ്ദം, ഭ്രൂണഹത്യ… എന്നിങ്ങനെ മാനവരാശിയെ ബാധിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ ഫ്രാൻസിസ് പാപ്പായും ജോ ബൈഡനും തമ്മിലുള്ള ചർച്ചകളുടെ വിഷയമായിരുന്നു.

ആശംസകളും സമ്മാനങ്ങളും കൈമാറാനായി സമയമെടുത്തു. ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ബൈഡൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയേത്രേ പരോളിനുമായി കൂടിക്കാഴ്ച നടത്തി. 49-ാം വയസ്സിൽ ക്യാൻസർ ബാധിച്ച് മരിച്ച മൂത്ത മകൻ ബ്യൂ ബൈഡൻ ഗവർണറായിരുന്ന ഡെലവെയർ സംസ്ഥാനത്തിന്റെ മുദ്ര ഒരു വശത്തും മറുവശത്ത് യുഎസ് മുദ്രയും ഉള്ള ഒരു നാണയം പ്രസിഡന്റ് പാപ്പായ്ക്ക് നൽകി. “ഈ നാണയം നിങ്ങൾ കൈവശം വയ്ക്കുന്നത് എന്റെ മകൻ ഇഷ്ടപ്പെടുമായിരുന്നു,” എന്ന് അല്പം നൊമ്പരത്തോടെ പറഞ്ഞു.

“നമ്മൾ തമ്മിലുള്ള അടുത്ത മീറ്റിംഗിൽ ഈ നാണയം ഇല്ലെങ്കിൽ, അങ്ങ് കുടിക്കാൻ പണം നൽകേണ്ടി വരും എന്നതാണ് ഞങ്ങളുടെ പാരമ്പര്യം.” എന്ന് പ്രസിഡൻ്റ് ബൈഡൻ്റെ തമാശ കേട്ട് ഫ്രാൻസിസ് പാപ്പ ചിരിച്ചു. മുൻ യു എസ് പ്രസിഡന്റുമാരുമായുള്ള കൂടിക്കാഴ്ചകളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രസിഡൻ്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച വളരെ ദൈർഘ്യമുള്ളതായിരുന്നു. ഡൊണാൾഡ് ട്രംപുമായി 2017 ൽ 30 മിനിറ്റും ബറാക് ഒബാമയ്‌ക്കൊപ്പം 2014 ൽ 50 മിനിറ്റും ആയിരുന്നു ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച്ച നടത്തിയത്.
വത്തിക്കാനിൽ വന്ന് പാപ്പയെ കാണുന്ന 14-ാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ജോ ബൈഡൻ.

വൈറ്റ് ഹൗസിലെ ആദ്യത്തെ കത്തോലിക്കാ പ്രസിഡൻ്റ് ആയ ജോൺ എഫ് കെന്നഡിയെ 1963-ൽ കൊല്ലപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ്, പോൾ ആറാമൻ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ച് സംഭാക്ഷണം നടത്തിയിരുന്നു. 2013-ലും 2016-ലും ഫ്രാൻസിസ് പാപ്പായുമായി ജോ ബൈഡൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 2016-ൽ ക്യാൻസറിനെതിരായ പോരാട്ടത്തിനായി സമർപ്പിച്ച കോൺഫറൻസിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയതായിരുന്നു വൈസ് പ്രസിഡന്റെന്ന നിലയിൽ ബൈഡൻ.