ഉത്തരകൊറിയയിൽ കടുത്ത പ്രതിസന്ധി; ജനങ്ങള്‍ പട്ടിണിയിലേക്ക്

സോള്‍: കൊറോണ വ്യാപനത്തെത്തുടര്‍ന്ന്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം ഉത്തരകൊറിയയിലെ ജനങ്ങള്‍ പട്ടിണിയിലേക്കു നീങ്ങുകയാണെന്നു യു.എന്‍. മനുഷ്യാവകാശ വിദഗ്‌ധന്‍.ആണവപദ്ധതികളുടെ പേരില്‍ ഉത്തരകൊറിയയ്‌ക്കു മേല്‍ പ്രഖ്യാപിച്ചിരിക്കുന്ന യു.എന്‍. ഉപരോധം അടിയന്തരമായി നീക്കണമെന്നും ആവശ്യം.
മഹാമാരിയെത്തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ആദ്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം സമ്പദ്‌വ്യവസ്‌ഥ കടുത്ത പ്രതിസന്ധിയിലാണ്‌.

പ്രധാനപങ്കാളിയായ ചൈനയുമായുള്ള വ്യാപാരവും കുത്തനെ ഇടിഞ്ഞു. രാജ്യം ഭക്ഷ്യക്ഷാമം നേരിടുകയാണെന്നു കഴിഞ്ഞ ജൂണില്‍ ഔദ്യോഗിക ടെലിവിഷനായ കെസിടിവി സമ്മതിച്ചിരുന്നു.
ഉത്തരകൊറിയയിലെ സാധാരണ ജനങ്ങള്‍ ദുരിതത്തിലാണെന്നും ഇതു വലിയൊരു ദുരന്തത്തിലേക്കു നീങ്ങുമെന്നും യു.എന്‍. മനുഷ്യാവകാശ സമിതിയിലെ തോമസ്‌ ഒജിയ ക്വിന്റാന പറഞ്ഞു.

ആണവ, ബാലിസ്‌റ്റിക്‌ പദ്ധതികളുടെ പേരില്‍ ഉത്തരകൊറിയയ്‌ക്കു മേല്‍ നിരവധി രാജ്യാന്തര ഉപരോധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ജനങ്ങളെ രക്ഷിക്കാന്‍ ഉപരോധങ്ങളില്‍ ഇളവുകള്‍ നല്‍കണമെന്നും ക്വിന്റാന പറഞ്ഞു.