കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളം ജില്ലയിൽ പാർട്ടി സമ്മേളനങ്ങളിൽ തെരഞ്ഞെടുപ്പ് പാടില്ലെന്ന ജില്ലാ കമ്മിറ്റിയുടെ നിർദേശം അവഗണിച്ച് കളമശ്ശേരി സെൻട്രൽ ലോക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ്. ഈ നിർദേശം പാലിക്കാതെ ലോക്കൽ കമ്മിറ്റികളിലേക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമുണ്ടായ ആലങ്ങാട് വെസ്റ്റ്, കടുങ്ങല്ലൂർ വെസ്റ്റ്, എറണാകുളം സൗത്ത് എന്നിവിടങ്ങളിലെ സമ്മേളനങ്ങൾ റദ്ദാക്കിയിരുന്നു.
കളമശ്ശേരി ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള കളമശ്ശേരി നഗരസഭയിലെ മൂന്നു ലോക്കൽ കമ്മിറ്റികളിൽ ഏറ്റവും വലിയ ലോക്കൽ കമ്മിറ്റിയാണിത്. ഇവിടെ 23 ബ്രാഞ്ച് കമ്മിറ്റിയാണുള്ളത്. ഇതിലുൾപ്പെട്ട മൂലേപ്പാടം ബ്രാഞ്ച് കമ്മിറ്റിയിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം വന്നപ്പോൾ സമ്മേളനം നിർത്തിവെച്ചിരുന്നു.
കഴിഞ്ഞ മൂന്നുപ്രാവശ്യം ലോക്കൽ സെക്രട്ടറിയായിരുന്ന പി.വി. ഷാജിക്ക് പാർട്ടി മാർഗരേഖയനുസരിച്ച് സ്ഥാനം ഒഴിയേണ്ട സാഹചര്യത്തിലായിരുന്നു ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ്. സമ്മേളനം തിരഞ്ഞെടുപ്പിലേക്ക് കടന്നപ്പോൾ കെടി മനോജ് ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് ബിജു മോഹന്റെ പേര് നിർദേശിച്ചു. തുടർന്ന് സുരേന്ദ്രൻ എം.സി. വേലായുധന്റെ പേര് നിർദേശിച്ചു. പിന്നീടു നടന്ന തിരഞ്ഞെടുപ്പിൽ ബിജു മോഹന് ഒമ്പത് വോട്ടും എം.സി. വേലായുധന് ആറ് വോട്ടും കിട്ടി.
ലോക്കൽ സമ്മേളനത്തിൽ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ്, കളമശ്ശേരി ഏരിയ ആക്ടിങ് സെക്രട്ടറി കെ.ബി. വർഗീസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എ.എം. യൂസഫ്, മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.
കളമശ്ശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി സി.എസ്.എ. കരീമിനെ വീണ്ടും തിരഞ്ഞെടുത്തു. ടി.ടി. രതീഷിനെത്തന്നെ വീണ്ടും കളമശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഏലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി കെ.ബി. സുലൈമാനെ തിരഞ്ഞെടുത്തു.
ഏലൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറിയായിരുന്ന ടി.വി. ശ്യാമളന് സ്ഥാനം നഷ്ടപ്പെട്ടു. പി.എ. ഷിബുവാണ് പുതിയ ലോക്കൽ സെക്രട്ടറി.