അഫ്ഗാനില്‍ ഷിയാ പള്ളിയില്‍ ഭീകരരുടെ ചാവേര്‍ ആക്രമണം; അൻപതിലേറെ പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിലെ കുന്ദൂസിലെ ഷിയാ പള്ളിയിലുണ്ടായ ഭീകരരുടെ ചാവേര്‍ ആക്രമണത്തില്‍ 50 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച്‌ എഎഫ്പിയാണ് അൻപതിലേറെപ്പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു ആക്രമണം.

നിരവധി പേരാണ് പ്രാര്‍ത്ഥനക്കായി പള്ളിയില്‍ ഒത്തുകൂടിയിരുന്നത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. കുട്ടികളടക്കമുള്ളവര്‍ മരിച്ചവരിലുള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം മറ്റൊരു പള്ളിയില്‍ നടന്ന ആക്രമണത്തില്‍ 12ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.

പരിക്കേറ്റ നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം നടന്നതായി താലിബാനും സ്ഥിരീകരിച്ചു. എത്രപേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

40ലേറെ മൃതദേഹങ്ങള്‍ കണ്ടതായി പ്രദേശത്തെ വ്യവസായി സല്‍മായി അലോക്‌സായി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അഫ്ഗാനില്‍ വ്യാവസായികമായി ഏറെ പ്രധാന്യമുള്ള നഗരമാണ് കുന്ദുസ്. ന്യൂനപക്ഷമായ ഷിയാക്കള്‍ക്കെതിരെ ഭീകരവാദികളുടെ ആക്രമണം നടക്കാറുണ്ട്. അഫ്ഗാന്‍ ജനസംഖ്യയില്‍ 20 ശതമാനമാണ് ഷിയാ മുസ്ലീങ്ങള്‍.

ഹസാരയിലാണ് ഭൂരിപക്ഷം ഷിയാക്കളും താമസിക്കുന്നത്. അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യം പിന്മാറിയ ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് നടന്നത്. 2017 ഒക്ടോബറില്‍ ഷിയാ പള്ളിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. അന്ന് 56 പേരാണ് കൊല്ലപ്പെട്ടത്.