പാകിസ്ഥാനില്‍ ഭൂചലനം; ഇരുപത് മരണം; മുന്നൂറിലേറെ പേര്‍ക്ക് പരിക്ക്

ലാഹോര്‍: പാകിസ്ഥാനില്‍ വന്‍ ഭൂചലനം. ഭൂചലനത്തെ തുടര്‍ന്ന് ഇരുപതിലേറെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മുന്നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ദക്ഷിണ പാകിസ്ഥാനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.7 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ക്വാറ്റ മേഖലയിലും ബലൂച് മേഖലയിലും വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നാഷണല്‍ സീസ്മിക് മോണിറ്ററിംഗ് സെന്റര്‍ റിപ്പോര്‍ട്ടനുസരിച്ച് പ്രവിശ്യയിലെ ഹര്‍നായ് ജില്ലയ്ക്ക് സമീപം 15 കിലോമീറ്റര്‍ ആഴത്തില്‍ ആണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്ഥാനിലെ ക്വറ്റ, സിബി, പിഷിന്‍, മുസ്ലീം ബാഗ്, സിയാറത്ത്, ഖില അബ്ദുള്ള, സഞ്ജവി, സോബ്, ചമന്‍ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മരിച്ചവരില്‍ ഒരു സ്ത്രീയും ആറ് കുട്ടികളും അടങ്ങുന്നു.പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.