കൊറോണ ബാധിച്ചുള്ള മരണങ്ങൾ കുറയ്ക്കാൻ “മോൾനുപിരാവിർ” മരുന്നിന് കഴിഞ്ഞെന്ന് അമേരിക്കൻ കമ്പനി

വാഷിംഗ്ടൺ: കൊറോണ ബാധിച്ചുള്ള മരണങ്ങൾ കുറയ്ക്കാൻ തങ്ങളുടെ മരുന്നിനായെന്ന അവകാശവാദവുമായി അമേരിക്കൻ കമ്പനി. കൊറോണ പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ നൽകിയ മരുന്ന് വിജയകരമെന്ന് മെർക്ക് ആൻഡ് കോ ഇൻകോർപ്പറേഷൻ എന്ന കമ്പനിയാണ് അവകാശവാദമുന്നയിച്ചത്. കമ്പനിയുടെ “മോൾനുപിരാവിർ” മരുന്ന് കൊറോണ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയുകയും മരണ നിരക്ക് കുറച്ചുവെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

മരുന്ന് സ്വീകരിച്ച അമേരിക്കയിലെയും വിദേശത്തുമുള്ള 775 ഓളം വരുന്ന സന്നദ്ധ പ്രവർത്തകരുടെ ഡാറ്റ വിശകലനം ചെയ്താണ് കമ്പനി ഈ അനുമാനത്തിലേക്കെത്തിയത്. പഠനത്തിൽ കൊറോണ ബാധിച്ചുള്ള മരണനിരക്ക് 50 ശതമാനത്തോളം കുറഞ്ഞുവെന്ന് കമ്പനി വ്യക്തമാക്കി.നിലവിൽ മരുന്നിന് സാരമായ പാർശ്വഫലങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

മരുന്നുകൾ വിജയകരമായതായി കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ സംഘടനകളുടെ അഗീകാരം നേടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി മരുന്ന് നിർമ്മാതാവ് ഇ.മെർക്ക് കെ ജി വ്യക്തമാക്കി.ഇതിന്റെ ഭാഗമായി മരുന്നിന് അമേരിക്കയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അംഗീകാരം ലഭിച്ചാൽ കൊറോണയ്‌ക്കുള്ള ആദ്യ ആന്റി വൈറൽ മരുന്നാകും മെർക്ക് നിർമ്മിക്കുന്ന മോൾനുപിരാവിർ എന്ന മരുന്ന്. അഞ്ചു ദിവസം തുടർച്ചയായി സ്വീകരിക്കേണ്ടതാണ് മെർക്ക് മരുന്ന്. ദിവസത്തിൽ നാല് വീതം രണ്ട് നേരം മരുന്ന് കഴിക്കാനാണ് കമ്പനി നിർദേശം.

അതേസമയം ഫൈസർ, റോച്ചെ, അറ്റേ തുടങ്ങിയ മരുന്ന് നിർമ്മാണ കമ്പനികൾ വികസിപ്പിക്കുന്ന കൊറോണ ഓറൽ മരുന്നുകളുടെ പരീക്ഷണ ഫലങ്ങൾ വരും മാസങ്ങളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

വാക്‌സിനോടൊപ്പം കൊറോണ മരുന്നുകളും ചികിത്സയ്‌ക്കായി ലഭ്യമാകുന്നതോടെ കൊറോണ പ്രതിരോധം എളുപ്പമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ കണക്ക് കൂട്ടുന്നത്.