ശസ്ത്രക്രിയക്കിടെ കരഞ്ഞതിന് യുവതിയിൽ നിന്ന് പണം ഈടാക്കി ആശുപത്രി

വാഷിംഗ്ടൺ: ശസ്ത്രക്രിയക്കിടെ കരഞ്ഞതിന് ആശുപത്രി അധികൃതര്‍ പണമീടാക്കിയെന്ന പരാതിയുമായി യുവതി. യുഎസ് സ്വദേശിയായ മിഡ്ജ് എന്ന യുവതിയാണ് ശരീരത്തിലെ മറുക് നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കിടെ കരഞ്ഞതിന് ആശുപത്രി അധികൃതര്‍ പണമീടാക്കിയത്.

11 ഡോളറാണ് (ഏകദേശം 815 രൂപ) ഇതിന് ആശുപത്രി അധികൃതര്‍ ഈടാക്കിയത്. ആശുപത്രിയുടെ ബില്ല് യുവതി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചു. ഡോക്ടറുടെ ഫീസും മറ്റ് സര്‍ജറി സര്‍വീസിനുമൊപ്പമാണ് കരഞ്ഞതിനുള്ള പണവും ഈടാക്കിയത്.

കരഞ്ഞതിന് ‘ബ്രീഫ് ഇമോഷന്‍’ എന്ന് രേഖപ്പെടുത്തിയാണ് പണം ഈടാക്കിയിരിക്കുന്നത്. ട്വീറ്റ് വൈറലായതോടെ ആശുപത്രിയുടെ നടപടിക്കെതിരെ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. യുവതിയുടെ ബില്ലിന് ട്വിറ്ററില്‍ രണ്ട് ലക്ഷത്തിലധികം ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് ലഭിച്ചത്.