വീട്ടിലെ വളർത്തു പൂച്ചകൾക്ക് കൊറോണ; പൂച്ചകളെ കൊന്നൊടുക്കി ചൈന

ബീജിംഗ്: കൊറോണ സ്ഥിരീകരിച്ച വീടുകളിലെ പൂച്ചകളെ ചൈനയില്‍ കൊന്നു. വടക്കന്‍ ചൈനയിലെ ഒരു നഗരത്തിലാണ് സംഭവം. ചൈനയിലെ ഒരു പ്രാദേശിക മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വീട്ടില്‍ വളര്‍ത്തിയിരുന്ന മൂന്ന് പൂച്ചകളെയാണ് കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് കൊന്നൊടുക്കിയത്. രോഗം ബാധിച്ച മൃഗങ്ങള്‍ക്ക് ചികിത്സ ലഭ്യമല്ലാത്തതിനാലും അവയുടെ ഉടമയേയും, അവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ മറ്റ് താമസക്കാരെയും കൊറോണ ബാധിക്കാതിരിക്കാനാണ് പൂച്ചകളെ കൊന്നതെന്ന് ഹാര്‍ബിനിലെ അധികൃതര്‍ പറയുന്നു.

വീട്ടില്‍ വളര്‍ത്തിയിരുന്ന പൂച്ചകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഉടമ പൂച്ചക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നത് ഉപേക്ഷിക്കുകയായിരുന്നു. ശേഷം ഇവയെ കൊല്ലാന്‍ പ്രാദേശിക ഭരണകൂടം തീരുമാനിക്കുകയായിരുന്നു. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അനുസരിച്ച്‌, കൊറോണ വൈറസുകള്‍ മൃഗങ്ങളിലും ബാധിക്കുന്നു എന്ന് പറയുന്നു.

മൃഗങ്ങള്‍ക്ക് കൊറോണ ബാധിച്ചാല്‍ അത് മനുഷ്യരിലേക്കും പകരും. അതിനാല്‍ പല രാജ്യങ്ങളിലും മൃഗങ്ങളെ കൂട്ടത്തോടെ കൊല്ലാന്‍ ഇത് പ്രേരിപ്പിക്കുന്നു. മറ്റ് രാജ്യങ്ങളിലേതിനേക്കാള്‍ അണുബാധയുടെ തോത് വളരെ കുറവാണ് എന്ന് പറയുമ്പോഴും വൈറസിനെ നിയന്ത്രിക്കാന്‍ ചൈന ചിലപ്പോഴൊക്കെ എടുത്ത കടുത്ത നടപടികളുടെ ഉദാഹരണമായാണ് പൂച്ചകളെ കൊന്നത് സൂചിപ്പിക്കുന്നത്.