ലോകത്തെ ഭീതിയിലാഴ്ത്തി ഏറ്റവും അപകടകാരി​യായ ആർ വൺ ടൈപ്പ് കൊറോണ വൈറസ് അമേരിക്കയിൽ കണ്ടെത്തി

വാഷിംഗ്ടൺ: ഏറ്റവും അപകടകാരി​യായ ആർ വൺ ടൈപ്പ് കൊറോണ വൈറസിനെ അമേരിക്കയിൽ വീണ്ടും കണ്ടെത്തിയതായി റിപ്പോർട്ട്. ആർ വൺ വേരിയന്റ് വൈറസുകളെ രാജ്യത്ത് കണ്ടെത്തിയ സാഹചര്യത്തിൽ ഇത് കൂടുതൽ വ്യാപനത്തിന് ഇടയാക്കിയേക്കും എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇത് എപ്പോൾ വേണമെങ്കിലും കൂടുതൽ പേരിലേക്ക് വ്യാപിക്കും എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

ജാഗ്രത കൈവിടരുതെന്നും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വിട്ടുവീഴ്ച അരുതെന്നും വിദഗ്ദ്ധർ പറയുന്നു. അമേരിക്കയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ മാസ്ക് ധരിക്കാൻ കൂട്ടാക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലോകത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ഉള്ള രാജ്യവും അമേരിക്കയാണ്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അമേരിക്കയിൽ നിലവിൽ ഇതുവരെ കൊറോണ ബാധിച്ചത് 43,725,604 പേർക്കാണ്. ഇരുപത്തിനാലുമണിക്കൂറിനിടെ 42,290 പേർക്കാണ് രോഗം ബാധിച്ചത്. ഏറ്റവും കൂടുതൽ പേർ മരിച്ചതും അമേരിക്കയിലാണ് 706,058 പേരാണ് രോംഗം ബാധിച്ച് മരിച്ചത്.

കഴിഞ്ഞവർഷം ആർ വൺ ടൈപ്പ് വൈറസിനെ ജപ്പാനിൽ കണ്ടെത്തിയിരുന്നു. ഇതിനൊപ്പം മറ്റുചില രാജ്യങ്ങളിലും ഈ വൈറസ് സാന്നിദ്ധ്യം റിപ്പോർട്ടുചെയ്തിരുന്നു.ലോകമെമ്പാടുമുള്ള ആർ വൺ വേരിയന്റ് വൈറസ് ബാധിച്ചവർ വളരെ കുറവാണെന്നതാണ് ഏക ആശ്വാസം.