ഇന്ത്യ-സൗദി വിമാന സർവീസുകൾ പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിച്ച പ്രവാസികൾ ദുരിതത്തിൽ

ദമാം: കൊറോണയെ തുടർന്ന് മുതൽ നിർത്തലാക്കിയ ഇന്ത്യ-സൗദി നേരിട്ടുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിച്ച പ്രവാസികൾ ദുരിതത്തിൽ. സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഈ മാസം 23 മുതൽ പുനഃരാരംഭിക്കുമെന്നാണ് കരുതിയിരുന്നത്.

അതേസമയം, ഒക്ടോബർ 31 മുതൽ കേരളത്തിൽ നിന്ന് സൗദിയിലെ വിവിധ സെക്ടറുകളിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നുവെന്ന എയർ ഇന്ത്യയുടെ പ്രഖ്യാപനം ആശ്വാസം നൽകുന്നു.

ഒക്ടോബർ 31 മുതൽ 2022 മാർച്ച് 26 വരെ കരിയറുകൾക്ക് ഓൺലൈൻ വഴിയോ നേരിട്ടോ ബുക്കിങ് സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ പ്രഖ്യാപനം ഇന്ത്യ-സൗദി നേരിട്ടുള്ള സാധാരണ വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നതിന്റെ ആദ്യപടിയാണെന്ന് ചിലർ നിരീക്ഷിക്കുമ്പോൾ അതുമായി നിലവിലെ ഷെഡ്യൂളിന് ഒരു ബന്ധവുമില്ലെന്നാണ് ഈ രംഗത്തുള്ളവർ അഭിപ്രായപ്പെടുന്നത്.

സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി യാത്രാ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും വൻതുകമുടക്കി മറ്റു വിലക്കില്ലാത്ത രാജ്യങ്ങളിലെ 14 ദിവസത്തെ താമസം ഒഴിവായിക്കിട്ടുമെന്നും പ്രതീക്ഷിച്ച് യാത്ര നീട്ടി വെച്ചവരെല്ലാം നിലവിൽ നിരാശരായിരിക്കുകയാണ്.ദേശീയ ദിനത്തിന്റെ ഏതാനും ദിവസം മുമ്പ് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയതും ഈ പ്രചാരണത്തിന് ശക്തി കൂട്ടിയിരുന്നു.

എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച് പ്രത്യേക പ്രഖ്യാപനങ്ങളൊന്നും സൗദിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല എന്നതാണ് വാസ്തവം. ഇതോടെ കാത്തിരുന്നവരെല്ലാം നിലവിൽ സ്വീകരിച്ചിരുന്ന മാർഗത്തിലൂടെ സൗദിയിലേക്ക് പറക്കാൻ കൂട്ടത്തോടെ ട്രാവൽ ഏജൻസികളെ സമീപിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഈ ട്രാഫിക് വീണ്ടും വിമാന നിരക്ക് വർധിക്കാൻ ഇടയാക്കുമോ എന്ന പേടിയിലാണ് നാട്ടിൽ കുടുങ്ങിയ പ്രവാസികൾ.

അതേസമയം, യുഎഇ യാത്രക്കാർക്ക് വാക്സിനേഷൻ-ക്വറന്റീൻ നിബന്ധനകളിൽ വരുത്തിയ ഇളവ് സൗദി പ്രവാസികൾക്കും ഏറെ ആശ്വാസകരമാണ്. വിമാന ടിക്കറ്റ് നിരക്ക് മാത്രം നൽകി യുഎയിലെത്തി പരിചയക്കാരുടെ കൂടെ 14 ദിവസം തങ്ങിയതിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നത് ചെറിയ രീതിയിലെങ്കിലും സാമ്പത്തിക നേട്ടം നൽകുന്നു എന്നത് തന്നെ കാരണം. അതേസമയം, സൗദിയിൽ വെച്ച് രണ്ട് ഡോസ് വാക്സീൻ സ്വീകരിക്കാത്തവർക്ക് ഇവിടെ എത്തിയാൽ മറ്റൊരു അഞ്ച് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഉണ്ട് എന്നത് യാത്രക്കാരെ വീണ്ടും വലയ്ക്കുന്നു.

നിലവിൽ അവധിക്ക് പോയി തിരിച്ച് വരുന്നവർ ഇങ്ങനെ ചെലവ് കുറച്ച് സൗദിയിൽ എത്തുമ്പോൾ ബന്ധുക്കളോ പരിചയക്കാരോ യുഎഇയിൽ ഇല്ലാത്തവർക്കും പുതിയ വീസക്ക് സൗദിയിലേക്ക് വരുന്നവർക്കും പലപ്പോഴും വൻതുക മുടക്കി ഹോട്ടലുകളെ തന്നെ ആശ്രയിക്കേണ്ടി വരുന്നു. എങ്കിലും മറ്റു രാജ്യങ്ങൾ വഴി സൗദിയിലേക്ക് വരുന്നതിനേക്കാൾ യുഎഇ ഇടത്താവളമാക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ സ്വീകരിക്കാവുന്ന ചെലവ് കുറഞ്ഞ മാർഗം.

ഏതായാലും സൗദി പ്രവാസികൾക്ക് ഇന്ത്യയിൽ നേരിട്ട് സൗദിയിലേക്ക് പറക്കാൻ ഇനിയും ആയില്ലെന്നത് ഏറെ നിരാശ പടർത്തുന്നുണ്ട്. സൗദിയിലെ പ്രതിദിന കൊറോണ കണക്കുകൾ ഗണ്യമായി കുറഞ്ഞതും നിരന്തരം തുടർന്ന നയതന്ത്ര ചർച്ചകളും എത്രയും പെട്ടെന്ന് ഈ പ്രശ്‌നം പരിഹരിക്കാൻ അനുകൂല ഘടകമാകട്ടെ എന്ന പ്രതീക്ഷയിലാണ് അവർ.