ഭീതി പരത്തി ഡെല്‍റ്റ വകഭേദം; ഫൈസര്‍ വാക്‌സിന്റെ മൂന്നാം ഡോസിന് അനുമതി നല്‍കി അമേരിക്ക

വാഷിംഗ്ടണ്‍: കൊറോണ ഡെല്‍റ്റ വകഭേദ വ്യാപനം തീവ്രമാകാനുള്ള സാധ്യത മുന്‍നിര്‍ത്തി അമേരിക്കയില്‍ ഫൈസര്‍ വാക്സിന്‍ മൂന്നാം ഡോസിന് അനുമതി നല്‍കി. 65 വയസിന് മുകളിലുള്ളര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കുമാണ് മൂന്നാം ഡോസ് വാക്സിന്‍ നല്‍കുക.

18 വയസിന് മുകളില്‍ പ്രായമുള്ള കൊറോണ വൈറസ് ബാധയ്ക്ക് കൂടുതല്‍ സാധ്യതയുള്ള വ്യക്തികള്‍ക്കും മൂന്നാം ഡോസ് വാക്സിന്‍ എടുക്കാം. രണ്ടാം ഡോസ് വാക്സിന്‍ എടുത്ത് ആറ് മാസത്തിന് ശേഷമാണ് മൂന്നാം ഡോസ് എടുക്കേണ്ടത്.

എന്നാല്‍ 16 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമോയെന്ന് കൂടുതല്‍ പഠനം നടത്തിയ ശേഷം മാത്രമേ തീരുമാനിക്കു. യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇതുസംബന്ധിച്ച് അനുമതി നല്‍കിയിരിക്കുന്നത്.

ഡെല്‍റ്റ വേരിയന്റ് മൂലം രോഗം വര്‍ധിക്കുന്നതും തണുപ്പ് കാലാവസ്ഥയെത്തുമ്പോള്‍ വാക്സിന്‍ ശക്തി മങ്ങുമെന്ന ഭയവും ചില വിദഗ്ധര്‍ ഉന്നയിക്കുന്നുണ്ട്. ഇതിനിടെയാണ് മൂന്നാം ഡോസിന് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

അതേസമയം നേരത്തെ അമേരിക്കയിലെ മറ്റു വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്ക് ഫൈസര്‍ ബൂസ്റ്റര്‍ ലഭിക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഫൈസറിന് അനുമതി നല്‍കിയതോടെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ അടക്കമുള്ളവയ്ക്കും ബൂസ്റ്റര്‍ ഡോസ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.