സാര്‍ക്കില്‍ താലിബാന്‍ ഭീകരരുടെ പ്രാതിനിധ്യം വേണമെന്ന് പാകിസ്ഥാന്‍; എതിര്‍പ്പുമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍; സമ്മേളനം റദ്ദാക്കി

ന്യൂഡെല്‍ഹി: ന്യൂയോര്‍ക്കില്‍ ശനിയാഴ്ച നടത്താനിരുന്ന സാര്‍ക്ക് വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാന്റെ പങ്കാളിത്തം സംബന്ധിച്ച തര്‍ക്കമാണ് യോഗം റദ്ദാക്കുന്നതിലേക്ക് നയിച്ചത്. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാന്‍ ഭീകരരെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണണെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടതോടെയാണ് യോഗം റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

യോഗത്തില്‍ അഷ്‌റഫ് ഗനി ഭരണകൂടത്തിലെ പ്രതിനിധികള്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പ് പ്രകടപ്പിച്ച പാക്കിസ്ഥാന്‍ പകരം താലിബാന്‍ ഭീകരരുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യ അടക്കം ഭൂരിപക്ഷം അംഗരാജ്യങ്ങളും പാകിസ്ഥാന്റെ ആവശ്യത്തെ എതിര്‍ത്തു. ഇതോടെ പാകിസ്ഥാന്‍ യോഗത്തില്‍ നിന്നും വിട്ട് നില്‍ക്കുവാനും തീരുമാനിച്ചു. അടുത്ത വൃത്തങ്ങള്‍ പറഞ്ഞതനുസരിച്ച്, യോഗം നടന്നിരുന്നെങ്കില്‍, യുഎന്നിലെ അഫ്ഗാനിസ്ഥാന്‍ മിഷനില്‍ നിന്നുള്ള ഒരു പ്രതിനിധിക്ക് അതില്‍ പങ്കെടുക്കാമായിരുന്നു.

പുതിയ താലിബാന്‍ ഭീകര ഭരണകൂടത്തെ ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നതിനാലാണ് അംഗരാജ്യങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. താലിബാന്‍ സര്‍ക്കാരും യോഗ്യതയ്ക്കായി യുഎന്നിനെ സമീപിച്ചിട്ടില്ല.

എന്തായാലും, സാര്‍ക്ക് അംഗങ്ങള്‍ക്കിടയില്‍ ഈ വിഷയത്തില്‍ യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. സമവായത്തിലെത്താന്‍ സാധിക്കാത്തതാണ് സാര്‍ക്ക് വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എല്ലാ അംഗങ്ങളുടെയും സമ്മതമില്ലാത്തതിനാല്‍ 76-ാമത് യുഎന്‍ പൊതുസമ്മേളനത്തിന്റെ ഇടയില്‍ നടത്താനിരുന്ന സാര്‍ക്ക് വിദേശകാര്യ മന്ത്രിമാരുടെ അനൗദ്യോഗിക യോഗം റദ്ദാക്കിയതായി നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച സാര്‍ക്ക് സെക്രട്ടേറിയറ്റിന് അയച്ച കത്തിലാണ് അറിയിച്ചത്.

സാര്‍ക്കില്‍ അവസാനമായി ചേര്‍ന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. 2007ല്‍ ആയിരുന്നു ഇത്. ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മാലദ്വീപ്, ശ്രീലങ്ക, പാക്കിസ്ഥാന്‍ എന്നി രാജ്യങ്ങള്‍ സാര്‍ക്കിന്റെ ഭാഗമാണ്. 1987 ജനുവരി 17 നാണ് സാര്‍ക്ക് സെക്രട്ടേറിയറ്റ് കാഠ്മണ്ഡുവില്‍ സ്ഥാപിതമായത്.