താലിബാന്‍ ഭീകരര്‍ക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരരുടെ വാഹനങ്ങളെ ലക്ഷ്യം വെച്ച് ബോംബ് ആക്രമണങ്ങള്‍ നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ഐഎസിന്റെ കീഴിലുള്ള മാധ്യമമായ ആമാഖ് വാര്‍ത്താ ഏജന്‍സി വഴിയാണ് ഇക്കാര്യം അറിയിച്ചത്. താലിബാന്‍ ഭീകരര്‍ക്കെതിരെയുള്ള തങ്ങളുടെ ഭീഷണി കൂടി ലക്ഷ്യം വെച്ചാണ് ഐഎസിന്റെ നടപടി.

ഐഎസിന്റെ ശക്തികേന്ദ്രമായ നന്‍ഗര്‍ഹറിന്റെ തലസ്ഥാനമായ ജലാലാബാദിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ആക്രമണം നടന്നത്. താലിബാന്‍ അംഗങ്ങള്‍ അടക്കം കുറഞ്ഞത് എട്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 15ന് തലസ്ഥാനമായ കാബൂള്‍ കീഴടക്കിയതോടു കൂടിയായിരുന്നു താലിബാന്‍ ഭീകരര്‍ ഔദ്യോഗികമായി അഫ്ഗാനിസ്ഥാന്‍ കീഴടക്കിയത്.

ഭരണമേറ്റെടുത്ത് താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിച്ച ഈ ഘട്ടത്തില്‍ സുരക്ഷാപരവും സാമ്പത്തികപരവുമായ ഒരുപാട് വെല്ലുവിളികളാണ് താലിബാന്‍ ഭീകരര്‍ക്ക് മുന്നിലുള്ളത്. അഫ്ഗാനിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കുക എന്നതും പുതിയ സര്‍ക്കാരിനും താലിബാൻ ഭീകരർക്കും എതിരേ ഉയര്‍ന്ന് വരുന്ന സമരങ്ങളും പ്രതിഷേധങ്ങളും കൈകാര്യം ചെയ്യുക എന്നതും മാധ്യമങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുക എന്നതും ഇവര്‍ക്ക് മുന്നിലുള്ള വെല്ലുവിളിയാണ്.

ഐഎസിന്റെ ഭാഗത്ത് നിന്നുള്ള ആക്രമണങ്ങള്‍ കൂടി വര്‍ധിച്ച് വരുന്നതോടെ താലിബാന്‍ ഭീകരരുടെ അഫ്ഗാനിസ്ഥാന്‍ ഭരണത്തിന്റെ ഭാവി കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് ഉറപ്പായി. അഫ്ഗാന്‍ പിടിച്ചെടുത്ത് ഭരണം നടത്തുക എന്ന കാര്യത്തില്‍ താലിബാന്‍ ഭീകരരര്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ ആഗോള തലത്തിലുള്ള ഭീകരവാദമാണ് ഐഎസിന്റെ പ്രഖ്യാപിത ലക്ഷ്യം.

ജലാലാബാദില്‍ നടന്ന സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടെന്നാണ് കരുതുന്നതെന്നും പേര് വെളിപ്പെടുത്താത്ത ഒരു താലിബാന്‍ ഭീകര നേതാവ് എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു. പരിക്കേറ്റ ഇരുപതോളം പേര്‍ ആക്രമണം നടന്ന ദിവസങ്ങളില്‍ പ്രവേശിക്കപ്പെട്ടതായി നന്‍ഗര്‍ഹര്‍ പ്രവിശ്യയിലെ ആശുപത്രി അധികൃതരും വ്യക്തമാക്കിയിരുന്നു.