അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള 9000 കോടിയുടെ മയക്കുമരുന്ന് കടത്ത് പിടികൂടി

അഹമ്മദാബാദ്: ഇന്ത്യയെ ലഹരിയിൽ മുക്കി കൊല്ലനുള്ള അഫ്ഗാൻ തീവ്രവാദികളുടെ നീക്കം പൊളിഞ്ഞു. അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള കോടികളുടെ മയക്കുമരുന്ന് കടത്താണ് ഇന്ത്യയുടെ ദ്രുത നീക്കത്തിൽ പൊളിഞ്ഞത്. ഗുജറാത്തിലെ കച്ചിലെ മുന്ദ്ര തുറമുഖത്തു നിന്ന് ഏകദേശം 9,000 കോടി രൂപയുടെ ഹെറോയിന്‍ അടങ്ങിയ കണ്ടെയ്‌നറുകളാണ് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തത്.

അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇവ ഇറക്കുമതി ചെയ്തതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ പറയുന്നു. ടാല്‍ക്കം പൗഡറിന്റെ മറവില്‍ കോടികള്‍ വിലവരുന്ന മരുന്നുകള്‍ ഇറക്കുമതി ചെയ്തതായാണ് പരിശോധനയില്‍ ഡി.ആര്‍.ഐ കണ്ടെത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ വിജയവാഡ ആസ്ഥാനമായുള്ള ആഷി ട്രേഡിംഗ് സ്ഥാപനമാണ് കണ്ടെയ്‌നറുകള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് മുന്ദ്ര തുറമുഖത്തേക്ക് ഇറക്കുമതി ചെയ്തത്.

എന്നാല്‍, അഫ്ഗാനില്‍ നിന്നും ടാല്‍ക്കം പൗഡറാണ് ഇറക്കുമതി ചെയ്യുന്നതെന്നാണ് കമ്പനി പറയുന്നത്. കയറ്റുമതി സ്ഥാപനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ ആസ്ഥാനമായുള്ള ഹസ്സന്‍ ഹുസൈന്‍ ലിമിറ്റഡ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഗുജറാത്ത് തീരത്ത് ഇറാനിയന്‍ ബോട്ടില്‍ നിന്നും അന്താരാഷ്ട്ര വിപണിയില്‍ 150 കോടിയോളം വില വരുന്ന ഹോറോയിന്‍ പിടിച്ചെടുത്തിരുന്നു.