ഗ്രൗണ്ടിൽ ഫുട്ബോൾ കളി ഗ്യാലറിയിൽ തൂങ്ങിയാടി പൂച്ച; വൈറലായി വീഡിയോ

വാഷിംഗ്ടണ്‍: ദുബായിയില്‍ നാലു യുവാക്കള്‍ ചേര്‍ന്ന് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ഒരു പൂച്ചയെ രക്ഷിച്ച വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് സമാനമായ മറ്റൊരു സംഭവമാണ് അമേരിക്കയില്‍ ഉണ്ടായിരിക്കുന്നത്. അമേരിക്കയിലെ മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലാണ് സംഭവം ഉണ്ടായത്.

സ്റ്റേഡിയത്തില്‍ കോളജുകള്‍ തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം. ഫുട്‌ബോള്‍ മത്സരം നടന്നുകൊണ്ടിരിക്കവെയാണ് ഗാലറിയിലെ കൈവരിയില്‍ മുന്‍കാലുകളിലൊന്ന് കുടുങ്ങി പൂച്ച തൂങ്ങിയാടിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട കാണികളാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. ഗാലറിയിലെ കൈവരിയില്‍ തൂങ്ങിക്കിടന്ന് ജീവന്‍മരണ പോരാട്ടത്തിലായിരുന്നു പൂച്ച.

കൂറേ നേരം തൂങ്ങിയാടിയ ശേഷം പിടിവിട്ട പൂച്ച വന്ന് വീണത് താഴെ കാണികള്‍ നിവര്‍ത്തിപ്പിടിച്ച പതാകയിലേക്കായിരുന്നു. അങ്ങനെ കാണികള്‍ പൂച്ചയുടെ ജീവന്‍ രക്ഷിച്ചു. പൂച്ചയ്ക്ക് പരിക്കുകളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു. പൂച്ചയെ കാണികള്‍ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.